
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ആകാശ് ദീപ്. ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ ഇന്ത്യൻ പേസറെന്ന റെക്കോർഡാണ് ആകാശ് ദീപ് സ്വന്തമാക്കിയത്. 1986ൽ ചേതൻ ശർമ കുറിച്ച ചരിത്രമാണ് 39 വർഷത്തിന് ശേഷം ആകാശ് ദീപ് തിരുത്തിയെഴുതിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 187 റൺസ് വിട്ടുകൊടുത്ത ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ ആകാശ് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് നേടിയത്. 1986ൽ ബിർമിങ്ഹാമിൽ നടന്ന മത്സരത്തിൽ ചേതൻ ശർമ രണ്ട് ഇന്നിങ്സിലുമായി 188 റൺസ് വിട്ടുകൊടുത്താണ് 10 വിക്കറ്റുകൾ വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി.
Content Highlights: Akash Deep bowls Best match figures for India in England