'ആദ്യ ടെസ്റ്റിന് ശേഷം പ്ലാൻ ചെയ്ത കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി'; രണ്ടാം ടെസ്റ്റ് വിജയത്തിൽ ശുഭ്മൻ ഗിൽ

'ഹെഡിങ്ലിയിൽ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞ അത്രയും ക്യാച്ചുകൾ എല്ലാ മത്സരത്തിലും സംഭവിക്കില്ല'

'ആദ്യ ടെസ്റ്റിന് ശേഷം പ്ലാൻ ചെയ്ത കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി'; രണ്ടാം ടെസ്റ്റ് വിജയത്തിൽ ശുഭ്മൻ ഗിൽ
dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. 'ഹെഡിങ്ലിയിലെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീം പ്ലാൻ ചെയ്ത കാര്യങ്ങളെല്ലാം കൃത്യമായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിങ്ങും ഫീൽഡിങ്ങും മികച്ചതായിരുന്നു. രണ്ടാം ടെസ്റ്റ് നടന്ന എ‍ഡ്ജ്ബാസ്റ്റണിൽ 400-500 റൺസ് നേടുകയായിരുന്നു ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. അത് നേടാനായാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ഹെഡിങ്ലിയിൽ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞ അത്രയും ക്യാച്ചുകൾ എല്ലാ മത്സരത്തിലും സംഭവിക്കില്ല,' ​ഗിൽ മത്സരശേഷം പ്രതികരിച്ചു.

'ഇന്ത്യയുടെ ഫാസ്റ്റ് ബൗളേഴ്സ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ഇം​ഗ്ലണ്ട് ടോപ് ഓഡറിനെ വീഴ്ത്താൻ സാധിച്ചത് വലിയ കാര്യമായിരുന്നു. ആകാശ് ദീപും മുഹമ്മദ് സിറാജും നന്നായി പന്തെറിഞ്ഞു, ഒപ്പം പ്രസിദ്ധ് കൃഷ്ണയും. സിറാജും ആകാശും നേടിയ അത്ര വിക്കറ്റുകൾ പ്രസിദ്ധിന് നേടാൻ സാധിച്ചില്ല. എങ്കിലും പ്രസിദ്ധ് നന്നായി തന്നെ പന്തെറിഞ്ഞു,' ​ഗിൽ കൂട്ടിച്ചേർത്തു.

'ആകാശ് ദീപ് വളരെ ആത്മാർത്ഥതയോടെയാണ് പന്തെറിഞ്ഞത്. കൃത്യമായ ലൈനിലും ലെങ്തിലുമാണ് ആകാശ് പന്തെറിഞ്ഞത്. വിക്കറ്റിന്റെ രണ്ട് വശത്തേയ്ക്കും പന്ത് തിരിക്കാൻ ആകാശിന് കഴിഞ്ഞു. ഇതുപോലൊരു പിച്ചിൽ ഇത്ര മികച്ച രീതിയിൽ പന്തെറിയാൻ സാധിക്കില്ല. ആകാശ് ഇന്ത്യൻ ടീമിന് വലിയ കരുത്താണ്,' ​ഗിൽ പറഞ്ഞു.

'മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്റെ മികച്ച പ്രകടനത്തിൽ ഈ പരമ്പര ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. ഓരോ ദിവസവും ഞാൻ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. ഒരു കാര്യം ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഒരു ബാറ്റായി കളിക്കാനാണ് എനിക്ക് ഇഷ്ടം. ഒരു ക്യാപ്റ്റനെന്ന നിലയിൽ കളിക്കളത്തിൽ നിൽക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു ബാറ്റർ എടുക്കേണ്ട റിസ്കുകൾ ഒഴിവാക്കുവാൻ കാരണമാകും,' ​ഗിൽ വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയം 336 റൺസിനാണ്. മത്സരത്തിന്റെ അഞ്ചാം ദിവസം ഇന്ത്യ ഉയർത്തിയ 608 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 271 റൺസിൽ എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത ആകാശ് ദീപാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയത്. സ്കോർ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587, ഇം​ഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 407. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 ഡിക്ലയർഡ്, ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 271.

Content Highlights: Shubman Gill on how India came back after the first test defeat

dot image
To advertise here,contact us
dot image