
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും ഫോമിലാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. രണ്ട് ടെസ്റ്റ് പൂർത്തിയാവുമ്പോഴേക്കും ഒരു ഡബിൾ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും താരം തന്റെ പേരിലാക്കി കഴിഞ്ഞു. നേരത്തേ വിദേശ പരമ്പരകളിൽ നിറംമങ്ങുന്നു എന്നൊരു വിമർശനം ഗില്ലിനെതിരെ ഉയർന്നിരുന്നു.
സമീപകാല പരമ്പരകൾ ചൂണ്ടിക്കാട്ടി പലരും ഇംഗ്ലീഷ് പര്യടനത്തിന് മുമ്പ് ഗില്ലിന്റെ ഫോമിനെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. ഈ ആശങ്കകളെ മുഴുവൻ കാറ്റിൽ പറത്തിയാണ് ഇന്ത്യൻ നായകൻ ഇംഗ്ലീഷ് മണ്ണിൽ നിറഞ്ഞാടുന്നത്. വിമര്‍ശകരുടെ കൂട്ടത്തില്‍ ഇംഗ്ലീഷ് ഇതിഹാസം മൈക്കിൽ വോനുമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ വിമർശനങ്ങളെ തിരുത്തി രംഗത്തെത്തുകയാണ് വോൻ.
'പരമ്പര തുടങ്ങുന്നതിന് മുമ്പ് ഗില്ലിന്റെ ബാറ്റിങ് ആവറേജിനെ ഞാൻ വിമർശിച്ചു എന്നത് ശരി തന്നെ. 35 ആവറേജ് അദ്ദേഹത്തിന്റെ ക്വാളിറ്റിക്ക് ചേർന്നതല്ല. ഇപ്പോളെനിക്ക് തോന്നുന്നു ഈ പരമ്പര അവസാനിക്കുമ്പോൽ ഗില്ലിന്റെ കരിയർ ആവറേജ് 45 ലേക്കുയരും എന്ന്. മനോഹരമായൊരു തുടക്കമാണ് പരമ്പരയിൽ അദ്ദേഹത്തിന് ലഭിച്ചത്'- വോന്‍ പറഞ്ഞു.
നിലവിൽ ഗില്ലിന്റെ ആവറേജ് 40 ന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിങ്സിൽ ഡബിള്‍ സെഞ്ച്വറി കുറിച്ച ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി കൂടി നേടിയതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതല്‍ റൺസ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് തന്‍റെ പേരില്‍ കുറിച്ചു. 1971 ൽ സുനിൽ ഗവാസ്‌കർ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 344 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
Story highlight: 'Gill's Test average will be 45 by the end of the series'- Michael Vaughan