
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്സിൽ 161 റൺസ് നേടി. ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും ഗിൽ മാറി. അതേ സമയം ഗില്ലിന്റെ മികച്ച പ്രകടനത്തിനിടയിലും താരത്തെ വിമർശിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്.
ഒരു ദശാബ്ദത്തിനിടെ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറാനുള്ള സുവർണാവസരം ഗിൽ നഷ്ടപ്പെടുത്തിയതായി യോഗ്‌രാജ് പറഞ്ഞു. ട്രിപ്പിൾ സെഞ്ച്വറിക്ക് 31 റൺസ് കൂടി ബാക്കി നിൽക്കെയാണ് ഗിൽ പുറത്തായത്.
ഒരു കളിക്കാരന്റെ വിശപ്പ് ഒരിക്കലും മരിക്കരുത്. ഞാൻ 200 റൺസ് നേടി, അല്ലെങ്കിൽ ഞാൻ 250 റൺസ് നേടി എന്ന് പറയുന്നതിൽ ശരികേടുണ്ട്, എപ്പോഴും വലിയ സ്കോറിനാണ് ലക്ഷ്യം കാണേണ്ടത്. ഗില്ലിനെ സംബന്ധിച്ചിടത്തോളം ട്രിപ്പിൾ സെഞ്ച്വറി വലിയ ദൂരത്തിലല്ലായിരുന്നു. എന്നാൽ ആ ഗിൽ അടിച്ചുകളിക്കുകയാണ് ചെയ്‍തത്, ക്രിക്കറ്റിൽ ക്രിമിനൽ കുറ്റമാണ് ഗിൽ ചെയ്‍തത്, യോഗ്‌രാജ് സിംഗ് കൂട്ടിച്ചേർത്തു.
അതേ സമയം രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം മഴമൂലം ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. മറുവശത്ത് ഇംഗ്ലണ്ടിന് വിജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കേ 536 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇംഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്.
Content Highlights: 'Criminal offence' - Yograj tears into Shubman Gill for missing triple century