
മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. മികച്ച അഭിപ്രായമാണ് സീരിസിന് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഹമ്മദ് കബീറാണ് സംവിധാനം. ഇപ്പോഴിതാ, സീരിസ് കണ്ടതിന് ശേഷം മമ്മൂട്ടി അയച്ച മെസ്സേജിനെക്കുറിച്ച് പറയുകയാണ് അഹമ്മദ് കബീര്‍. അദ്ദേഹത്തിന്റെ മെസേജ് ഓസ്കര് അടിച്ച ഫീല്‍ ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ഏറ്റവും വലിയ ഹാപ്പിനെസ് സിരീസ് കണ്ടിട്ട് മമ്മൂക്ക ഞങ്ങള്‍ക്ക് അയച്ച മെസേജ് ആണ്. എനിക്കും അര്‍ജുനും ഹരിശ്രീ അശോകനും സിറാജിനുമൊക്കെ മെസേജ് വന്നു. നന്നായിട്ടുണ്ട്, ഗുഡ് വര്‍ക്ക് എന്ന് പറഞ്ഞിട്ട്. അതൊരു ഓസ്കര് അടിച്ച ഫീല്‍ ആയിരുന്നു ഞങ്ങള്‍ക്ക്', അഹമ്മദ് കബീര്‍ പറഞ്ഞു. ഫാന്ബെല്ല എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
കേരള ക്രൈം ഫയല്‍സ് സീസണ് 2 ആയ 'ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു' ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് സീരിസിന് എല്ലാ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
Content Highlights: ahammed Kabeer on the message Mammootty sent after watching Kerala Crime Files Season 2