'പിച്ചിൽ നല്ല ബൗൺസ് ഉണ്ട്, ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസീസിന് ലീഡ് നേടാൻ കഴിയും': സ്റ്റീവ് സ്മിത്ത്

'രണ്ടാം ദിവസം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയുടെ കുറച്ച് വിക്കറ്റുകൾ വീഴ്ത്താൻ ഓസീസിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ'

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ലീഡ് നേടാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഫൈനൽ നടക്കുന്ന ലോർഡ്സ് ക്രിക്കറ്റ് ​ഗ്രൗണ്ടിലെ പിച്ചിൽ നല്ല ബൗൺസ് ഉള്ളതാണ് സ്മിത്തിന്റെ പ്രതീക്ഷയുടെ ഘടകം. ആദ്യ ദിവസത്തെ മത്സരശേഷം താരം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

'മത്സരത്തിലുടനീളം ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായി പിച്ചിൽ നിന്ന് ബൗൺസുകൾ ലഭിക്കും. ആദ്യ ദിവസം തന്നെ ഇത് കണ്ടതാണ്. രണ്ടാം ദിവസം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയുടെ കുറച്ച് വിക്കറ്റുകൾ വീഴ്ത്താൻ ഓസീസിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ഓസീസിന് ആദ്യ ഇന്നിങ്സിൽ ലീഡ് നേടാൻ കഴിഞ്ഞേക്കും. നിലവിൽ ഓസ്ട്രേലിയയാണ് മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നത്.' സ്റ്റീവ് സ്മിത്ത് ആദ്യ ദിവസത്തെ മത്സരശേഷം പ്രതികരിച്ചു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 72 റൺസെടുത്ത ബ്യൂ വെബ്സ്റ്ററിന്റെയും 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത ക​ഗീസോ റബാദയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയും തകർച്ച നേരിടുകയാണ്. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 169 റൺസ് കൂടി വേണം.

Content Highlights: Smith confident as Australia seizes control against South Africa

dot image
To advertise here,contact us
dot image