
ക്രിക്കറ്റ് ടീമുകളുടെ നായകസ്ഥാനം വലിയ ഉത്തരവാദിത്തവും പക്വത നൽകുന്നതുമാണെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. 'ഒരു ടീം വെല്ലുവിളികൾ നേരിടുമ്പോൾ താരങ്ങൾ ക്യാപ്റ്റനെയാണ് സമീപിക്കുന്നത്. അതുകൊണ്ട് ടീമിനായി എല്ലായ്പ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അയാൾ ബാധ്യസ്ഥനാണ്. 22 വയസ്സു മുതൽ ഞാൻ ക്യാപ്റ്റനാണ്. നായകസ്ഥാനത്ത് എനിക്ക് ധാരാളം അനുഭവസമ്പത്തുണ്ടെന്ന് ഞാൻ കരുതുന്നു. ആ നിമിഷങ്ങൾ ഞാൻ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.' ശ്രേയസ് അയ്യർ മുംബൈ ടി20 ലീഗിനിടെ പ്രതികരിച്ചു.
'എന്റെ മുന്നിലുള്ള കാര്യങ്ങൾ നന്നായി ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. ആരാധകരെ ഞാൻ ഉൾക്കൊള്ളുന്നു. ചില സമയങ്ങളിൽ ആരാധകർ ആവേശം കൊള്ളിക്കുകയും ആ ഊർജ്ജം നമ്മളിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ട് ആരാധകർ എനിക്കായി ആരവങ്ങൾ ഉയർത്തണമെന്ന് ഞാൻ അവരോട് പറയും. അത് വലിയ ആവേശമാണ്,' അയ്യർ കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ ഇത്തവണ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യർ. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യനാക്കിയതും ശ്രേയസിന്റെ ക്യാപ്റ്റൻസി മികവാണ്. മുമ്പ് ഡൽഹി ക്യാപിറ്റൽസും ശ്രേയസ് അയ്യരിന്റെ നായകമികവിൽ ഐപിഎൽ ഫൈനലിസ്റ്റുകളായിട്ടുണ്ട്. എന്നാൽ താരത്തെ തേടി ഇനിയും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം എത്തിയിട്ടില്ല. ഉടൻതന്നെ ശ്രേയസിലെ നായകൻ ദേശീയ ടീമിനെ നയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകികഴിഞ്ഞു.
Content Highlights: Shreyas Iyer shared his thoughts on leadership responsibilities