
ഐപിഎല്ലില്‍ ആദ്യ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഭിനന്ദനവുമായി മുന്‍ ടീം ഉടമ വിജയ് മല്യ. ആര്‍ സി ബിയെ സ്ഥാപിച്ചപ്പോള്‍ മുതലുള്ള സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് മല്യ കുറിച്ചു. എക്‌സിലൂടെയാണ് മല്യയുടെ അഭിനന്ദനം. യുവതാരമായിരുന്നപ്പോഴെ വിരാട് കോഹ്ലിയെ ടീമിലെത്തിക്കാന്‍ സാധിച്ചത് തന്റെ പ്രിവിലേജാണെന്നും മല്യ പറഞ്ഞു. നിലവില്‍ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ടിരിക്കുകയാണ് മല്യ.
'ആര്‍ സി ബിയെ സ്ഥാപിച്ചപ്പോള്‍ ഐ പി എല്‍ ട്രോഫി ബെംഗളൂരുവില്‍ വരണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇതിഹാസ താരമായ കിങ് കോഹ്ലിയെ യുവതാരമായിരുന്നപ്പോള്‍ തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, അദ്ദേഹം 18 വര്‍ഷമായി ആര്‍ സി ബിയില്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ആര്‍ സി ബി ചരിത്രത്തിലെ ഒരിക്കലും മങ്ങാത്ത ഭാഗമായി തുടരുന്ന ക്രിസ് ഗെയ്ലിനെയും മിസ്റ്റര്‍ 360 എബി ഡിവില്ലിയേഴ്സിനെയും തിരഞ്ഞെടുക്കാനുള്ള ബഹുമതിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍, ഐ പി എല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തി. എന്റെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും. ആര്‍ സി ബി ആരാധകരാണ് ഏറ്റവും മികച്ചത്, അവര്‍ ഐ പി എല്‍ ട്രോഫിക്ക് അര്‍ഹരാണ്. ഈ സാല കപ്പ് ബെംഗളൂരു ബരുത്തേ!' മല്യ കുറിച്ചു.'
When I founded RCB it was my dream that the IPL trophy should come to Bengaluru. I had the privilege of picking the legendary King Kohli as a youngster and it is remarkable that he has stayed with RCB for 18 years. I also had the honour of picking Chris Gayle the Universe Boss…
— Vijay Mallya (@TheVijayMallya) June 3, 2025
2008ലാണ് വിജയ് മല്യ ബംഗളൂരു ഫ്രാഞ്ചൈസിയുടെ ഉടമയാവുന്നത്. എന്നാല്‍, വായ്പ തട്ടിപ്പില്‍ വിജയ് മല്യ രാജ്യം വിട്ടതോടെ 2016ല്‍ ബിസിസിഐ ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മല്യയെ നീക്കുകയായിരുന്നു.
ഐ പി എല്‍ കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കപ്പുയര്‍ത്തിയത്. നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്ലിക്കും സംഘത്തിനും കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 184 ല്‍ അവസാനിച്ചു. 6 റണ്‍സിനാണ് ആര്‍ സി ബി വിജയം. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരമായത്.
Content Higlights- Vijay Mallya Congratulated RCB for their title win in IPL 2025