കരിയറിൽ എട്ട് സെ‍ഞ്ച്വറികൾ, എട്ട് വ്യത്യസ്ത ടീമുകൾക്കെതിരെ; ഇത് ഒലി പോപ്പിന്റെ സ്റ്റൈൽ

നേരത്തെ അയർലൻഡ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ് ടീമുകൾക്കെതിരെയും പോപ്പ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു.

dot image

സിംബാബ്‍വെയ്ക്കെതിരായ നാല് ദിവസത്തെ ഏക ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി നേടിയ ഇം​ഗ്ലണ്ട് ബാറ്റർ ഒലി പോപ്പ് കുറിച്ചത് വ്യത്യസ്ത ചരിത്രം. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പോപ്പ് സിംബാബ്‍വെയ്ക്കെതിരെ നേടിയത്. ഈ എട്ട് സെഞ്ച്വറികളും എട്ട് വ്യത്യസ്ത ടീമുകൾക്കെതിരെയാണെന്നതാണ് പോപ്പ് കുറിച്ച ചരിത്രം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിൻറെ കരിയറിലെ ആദ്യ എട്ട് സെഞ്ച്വറികളും വ്യത്യസ്ത ടീമുകൾക്കെതിരെ നേടുന്നത്. നേരത്തെ അയർലൻഡ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ് ടീമുകൾക്കെതിരെയും പോപ്പ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു.

അതിനിടെ സിംബാബ്‍വെയ്ക്കെതിരായ നാല് ദിവസത്തെ ഏക ടെസ്റ്റ് പരമ്പരയിൽ ഇം​ഗ്ലണ്ട് ടീം വിജയത്തിലേക്ക്. രണ്ടാം ദിവസം ഫോളോ ഓണിനെ തുടർന്ന് ബാറ്റ് ചെയ്യുന്ന സിംബാബ്‍വെ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിലാണ്. മത്സരത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സിംബാബ്‍വെയ്ക്ക് ഇനി 270 റൺസ് കൂടി വേണം. സ്കോർ ഇം​ഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ആറിന് 565 ഡിക്ലയർഡ്. സിംബാബ്‍വെ ആദ്യ ഇന്നിങ്സ് 265, രണ്ടാം ഇന്നിങ്സ് രണ്ടിന് 30.

നേരത്തെ രണ്ടാം ദിവസം മൂന്നിന് 498 റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഒലി പോപ്പ് 171 റൺസിൽ പുറത്തായി. രണ്ടാം ​ദിനം തലേന്നത്തെ സ്കോറിനോട് രണ്ട് റൺസ് മാത്രമാണ് പോപ്പിന് കൂട്ടിച്ചേർക്കാൻ സാധിച്ചത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഒമ്പത് റൺസെടുത്ത് പുറത്തായി. 58 റൺസെടുത്ത ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് രണ്ടാം ദിനം ഇം​ഗ്ലണ്ടിന് എടുത്ത് പറയാനുള്ളത്. പിന്നാലെ ഇം​ഗ്ലണ്ട് ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നാല് റൺസോടെ ജാമി സ്മിത്ത് പുറത്താകാതെ നിന്നു. സിംബാബ്‍വെ ബൗളിങ് നിരയിൽ ബ്ലെസിംഗ് മുസാറബനി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെയ്ക്കായി ഓപണിങ് ബാറ്റർ ബ്രെയാൻ ബെന്നറ്റ് സെഞ്ച്വറി നേടി. 143 പന്തിൽ 26 ഫോറുകളടക്കം 139 റൺസാണ് ബെന്നറ്റ് നേടിയത്. ക്യാപ്റ്റൻ ക്രെയ്​ഗ് എർവിൻ 42 റൺസും സീൻ വില്യംസ് 25 റൺസും സംഭാവന ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റർ തഫദ്സ്വ സിഗ 22 റൺസും നേടി. ഇം​ഗ്ലണ്ടിനായി സ്പിന്നർ ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ​ഗസ് ആറ്റ്കിൻസണും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിൽ 300 റൺസിന്റെ ലീഡ് വഴങ്ങിയതോടെ ഇം​ഗ്ലണ്ട് സിംബാബ്‍വെയെ ഫോളോ ഓണിന് അയച്ചു. രണ്ടാം ഇന്നിങ്സിൽ സിംബാബ്‍വെയ്ക്ക് ഒരു റൺസോടെ ബ്രയാൻ ബെന്നറ്റിനെയും രണ്ട് റൺസോടെ ക്യാപ്റ്റൻ ക്രെയ്​ഗ് എർവിനെയും നഷ്ടമായി. നാല് റൺസെടുത്ത ബെൻ കരണും 22 റൺസോടെ സീൻ വില്യംസുമാണ് ക്രീസിൽ.

Content Highlights: Eight test tons against different oppositions, Ollie Pope sets unique record

dot image
To advertise here,contact us
dot image