'അടുത്ത സീസണിൽ അശ്വിനെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെടുക്കണം'; ചെന്നൈയ്ക്ക് ഉപദേശവുമായി ടോം മൂഡി

ചെന്നൈ സൂപ്പർ കിങ്സിന് ഉപദേശവുമായി ഓസ്ട്രേലിയൻ മുൻതാരം ടോം മൂഡി.

dot image

മോശം പ്രകടനവുമായി സീസൺ അവസാനിപ്പിക്കാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് ഉപദേശവുമായി ഓസ്ട്രേലിയൻ മുൻതാരം ടോം മൂഡി. അടുത്ത വര്‍ഷം ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തില്‍ എന്തുചെയ്യണമെന്നാണ് മൂഡി നി‍ര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാൻ ചെന്നൈക്ക് പണം ആവശ്യമാണ്, അതിനായി സ്പിന്നറും മുതിര്‍ന്ന താരവുമായ രവിചന്ദ്രൻ അശ്വിനെ റിലീസ് ചെയ്യണമെന്ന് മൂഡി വ്യക്തമാക്കി. അതുപോലെ പകരക്കാരായി ടീമിലെത്തി മികച്ച പ്രകടനം കാഴ്ച വെച്ച ആയുഷ് മാത്രെയെയും ഡൊവാൾഡ് ബ്രവിസിനെയും നിലനിർത്തണമെന്നും മൂഡി കൂട്ടിച്ചേർത്തു.

മെഗാതാരലേലത്തില്‍ 9.75 കോടി രൂപയ്ക്കായിരുന്നു അശ്വിനെ ടീമില്‍ തിരിച്ചെത്തിച്ചത്. എന്നാല്‍ തന്റെ പ്രതാപ കാലത്തോട് ഒരു പത്ത് ശതമാനം പോലും നീതി പുലർത്താനാവാതെയായിരുന്നു താരത്തിന്റെ പ്രകടനം. എട്ട് മത്സരങ്ങളില്‍ നിന്ന് നേടാനായത് കേവലം അഞ്ച് വിക്കറ്റുകള്‍ മാത്രമായിരുന്നു നേടിയത്. ഒമ്പത് റൺസ് ശരാശരിയിൽ റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. കരിയറിൽ താരം 220 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 183 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 500 ലധികം വിക്കറ്റുകൾ നേടിയിട്ടുള്ള 38 കാരനായ താരം കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി സമയത്ത് ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

2015ലായിരുന്നു അശ്വിൻ ആദ്യമായി ചെന്നൈയുടെ കുപ്പായത്തില്‍ മൈതാനത്ത് എത്തിയത്. പിന്നീട് പഞ്ചാബ് കിംഗ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാൻ റോയല്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ചു. അശ്വിന്റെ തിരിച്ചുവരവില്‍ വലിയ പ്രതീക്ഷയായിരുന്നു ചെന്നൈക്കുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കൊത്ത് ഉയരനായില്ല. അതേ സമയം 12 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് മാത്രമുള്ള ചെന്നൈ നിലവിൽ അവസാന സ്ഥാനത്താണ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ജയം നേടി നാണക്കേട് ഒഴിവാക്കാനാകും ധോണിയുടെയും സംഘത്തിന്റെയും ശ്രമം.

Content Highlights: CSK have to let go R Ashwin if they are to release funds: Tom Moody

dot image
To advertise here,contact us
dot image