'നന്നായി കളിക്കുന്ന കാലമത്രയും വിരാടിനും രോഹിത്തിനും ഇന്ത്യൻ ടീമിൽ തുടരാം': ​ഗൗതം ​ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്ക് വിടവാങ്ങൽ മത്സരങ്ങൾ ആലോചനയിൽ ഇല്ലെന്നും ​ഗംഭീർ

dot image

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരങ്ങളായ വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും നന്നായി കളിക്കുന്ന കാലമത്രയും ടീമിൽ തുടരാമെന്ന് ഇന്ത്യൻ ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ. മികച്ച പ്രകടനമാണ് ടീമിൽ ആര് ടീമിൽ കളിക്കണമെന്ന് തീരുമാനിക്കുന്നത്. ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ, പരിശീലകൻ, ബിസിസിഐക്ക് പോലും യാതൊരു റോളും ഇല്ലെന്ന് ​​ഗൗതം ​ഗംഭീർ പറ‍ഞ്ഞു. എബിപി ഇന്ത്യ അറ്റ് 2047 സമിറ്റ് വേദിയിലായിരുന്നു ​ഗംഭീറിന്റെ പ്രസ്താവന.

'ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്ക് വിടവാങ്ങൽ മത്സരങ്ങൾ ആലോചനയിൽ ഇല്ലെന്നും ​ഗംഭീർ പറഞ്ഞു. ഒരു കായികതാരത്തിനും വിരമിക്കുന്നതിനായി പ്രത്യേക മത്സരങ്ങൾ ലഭിക്കുകയില്ല. ഒരു താരം കരിയർ അവസാനിപ്പിക്കുമ്പോൾ നേടേണ്ടത് കിരീടങ്ങളും രാജ്യത്തിന്റെ സ്നേഹവുമാണ്. അതാണ് ശരിക്കും പ്രധാനം.' ​ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ടീമിൽ താരങ്ങളെ എടുക്കുന്നത് തന്റെ ഇഷ്ടത്തിനല്ല എന്നും ​ഗംഭീർ കൂട്ടിച്ചേർത്തു. 'ടീമിനെ തിരഞ്ഞെടുക്കേണ്ടത് പരിശീലകന്റെ ചുമതലയല്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ താരങ്ങളുടെ മികച്ച പ്രകടനം ഉറപ്പുവരുത്തകയാണ് പരിശീലകനെന്ന നിലയിൽ എന്റെ ജോലി.' ​ഗംഭീർ പ്രതികരിച്ചു.

ഏകദേശം 18 വർഷത്തോളമായി രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാ​ഗമാണ്. 2007 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ രോഹിത് ശർമയും ഉണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പാണ് വിരാട് കോഹ്‍ലി ആദ്യമായി സ്വന്തമാക്കിയ ദേശീയ കിരീടം. 2024ലെ ട്വന്റി 20 ലോകകിരീടവും 2025ലെ ചാംപ്യൻസ് ട്രോഫിയും രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഒരുമിച്ച് സ്വന്തമാക്കി. കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഇരുവരുടെയും വിരമിക്കൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്.

Content Highlights: Gautam Gambhir opens up on Virat Kohli, Rohit Sharma futures

dot image
To advertise here,contact us
dot image