

ഐപിഎൽ സീസണിൽ നിന്ന് സൺറൈസേഴ്സ് ഹൈദരാബാദ് പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരം മഴ തടസപ്പെടുത്തിയതാണ് സൺറൈസേഴ്സിന് ഐപിഎല്ലിന് പുറത്തേയ്ക്കുള്ള വഴിതെളിച്ചത്. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്ന് ജയമാണ് സൺറൈസേഴ്സ് നേടിയത്. ഈ മത്സരം മഴമുടക്കിയത് ഉൾപ്പെടെ ആകെ സൺറൈസേഴ്സിന് ഏഴ് പോയിന്റ് മാത്രമാണ് നേടാൻ സാധിച്ചത്. അതിനിടെ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിയ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഭേദപ്പെട്ട സ്കോർ മാത്രമാണ് നേടാനായത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് ഡൽഹി നേടിയത്. 41 റൺസ് വീതം നേടിയ ട്രിസ്റ്റൻ സ്റ്റമ്പ്സും അശുതോഷ് ശർമയുമാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്റ്റമ്പ്സ് പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് ആണ് ഡൽഹിയെ മികച്ച സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്. കരുൺ നായർ - പൂജ്യം, ഫാഫ് ഡു പ്ലെസിസ് - മൂന്ന്, അഭിഷേക് പോറൽ - എട്ട് എന്നിവരുടെ വിക്കറ്റുകൾ കമ്മിൻസ് സ്വന്തമാക്കി. കെ എൽ രാഹുൽ 10 റൺസുമായി ജയ്ദേവ് ഉനദ്കട്ടിന് വിക്കറ്റ് സമ്മാനിച്ചു. അക്സർ പട്ടേൽ ആറ് റൺസുമായി ഹർഷൽ പട്ടേലിന് വിക്കറ്റ് നൽകി. 18 റൺസെടുത്ത വിപ്രജ് നിഗം റൺഔട്ടായപ്പോൾ 41 റൺസെടുത്ത അശുതോഷിനെ വീഴ്ത്തിയത് ഇഷാൻ മലിംഗയാണ്. ഡൽഹിയുടെ ബാറ്റിങ്ങിന് പിന്നാലെ മത്സരം മഴമുടക്കുകയായിരുന്നു.
Content Highlights: SRH eliminated from IPL following the game against DC abandoned