
രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ്. കളിക്കാര്‍ ക്രിക്കറ്റിലും പ്രായം കുറയ്ക്കാന്‍ തുടങ്ങിയോ എന്ന് വിജേന്ദര്‍ സിംഗ് എക്‌സിൽ കുറിച്ചു. താരത്തിന്റെ ഈ പരോക്ഷ കളിയാക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള താരമാണ് വിജേന്ദര്‍ സിംഗ്.
ബിഹാർ സ്വദേശിയായ വൈഭവിന്റെ പ്രായത്തെ ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ സമയത്ത് ഇങ്ങനെ ഉയർന്ന ആരോപണങ്ങളോട് വൈഭവിന്റെ പിതാവും പ്രതികരിച്ചിരുന്നു. സംശയമുള്ള ആർക്ക് വേണമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കാം എന്നായിരുന്നു അന്ന് പിതാവ് പറഞ്ഞത്. വൈഭവ് ജൂനിയർ തലത്തിൽ ദേശീയ ടീമിന് വേണ്ടി കളിച്ച സമയത്ത് ബിസിസിഐയുടെ പ്രായ പരിശോധനയിൽ വിജയിച്ചിരുന്നു.
Bhai aaj kal umar choti ker ke cricket me bhe khelne lage 🤔
— Vijender Singh (@boxervijender) April 30, 2025
അതേ സമയം ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു അത്ഭുതബാലന്റെ സംഹാര താണ്ഡവമുണ്ടായിരുന്നത്. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് സൂര്യവംശി അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.
ഇന്ന് മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് പോരാട്ടം നടക്കുമ്പോൾ ജസ്പ്രീത് ബുംമ്രയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന പേസ് നിരയെ പതിനാലുകാരൻ എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Content Highlights: Vijender Singh Claims Massive Age Fraud In Cricket of vaibhav suryavanshi