
ഐപിഎല്ലിൽ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെ 100 റൺസിന് തോൽപ്പിച്ച് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നിർണായക മത്സരത്തിലെ തോൽവിയോടെ രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ നിന്ന് പുറത്തായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. രാജസ്ഥാൻ റോയൽസിന്റെ മറുപടി 16.1 ഓവറിൽ 117 റൺസിൽ അവസാനിച്ചു.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ റയാൻ റിക്ലത്തണും രോഹിത് ശർമയും മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം നൽകി. 38 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം റിക്ലത്തൺ 61 റൺസെടുത്തു. 36 പന്തിൽ ഒമ്പത് ബൗണ്ടറികൾ സഹിതം 53 റൺസാണ് രോഹിത് ശർമ നേടിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 112 റൺസ് പിറന്നു. പിന്നാലെ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും 23 പന്തിൽ പുറത്താകാതെ 48 റൺസെടുത്തതോടെ മുംബൈ മികച്ച സ്കോറിലെത്തി.
രാജസ്ഥാനായി മറുപടി ബാറ്റിങ്ങിൽ ആർക്കും തിളങ്ങാൻ സാധിച്ചില്ല. അഞ്ച് താരങ്ങൾക്ക് മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. 30 റൺസെടുത്ത ജൊഫ്ര ആർച്ചറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി കരൺ ശർമ, ട്രെന്റ് ബോൾട്ട് എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംമ്ര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Mumbai Indians beat Rajasthan Royals by 100 runs