
നിത്യവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതുകൊണ്ടും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോള്‍ ഈ മുടികൊഴിച്ചില്‍ ഒരു പരിധി വരെ തടയാന്‍ സാധിച്ചേക്കും.
ആവശ്യത്തിന് പ്രോട്ടീന്‍
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണെന്ന് നമുക്ക് അറിയാമല്ലോ. ശരീരത്തിന്റെ ഭാരത്തിന് അനുസൃതമായാണ് നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്‍ ഉണ്ടായിരിക്കേണ്ടത്. ഒരു കിലോ ഭാരത്തിന് ഒരു ഗ്രാം പ്രോട്ടീന്‍ വേണമെന്നാണ് കണക്ക്. മത്സ്യം, മുട്ട, ബീന്‍സ്, ലെന്റില്‍സ്, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പ്രോട്ടീന്‍ ഉറപ്പാക്കാം.
വിറ്റമിന്‍ ബി
വിറ്റമിന്‍ ബി12, ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആരോഗ്യമുള്ള ഹെയര്‍ ഫോളിക്കിളുകള്‍ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും ഇവ ഉറപ്പുവരുത്തുക.
ഹീറ്റ് ട്രീറ്റിങ്
വല്ലപ്പോഴും മുടി സ്‌റ്റൈലിങ്ങിന്റെ ഭാഗമായി ചൂടാക്കുന്നതില്‍ തെറ്റില്ല. മുടി ചുരുട്ടലായാലും സ്‌ട്രെയ്റ്റനിങ് ആയാലും എന്നും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
വലിച്ചുമുറുക്കി കെട്ടരുത്
മുടി വലുതാകുന്നതിന് വേണ്ടി കിടക്കാന്‍ നേരം മുടി വലിച്ചുമുറുക്കി നെറുകയില്‍ കെട്ടിവയ്ക്കാന്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ അത് മുടിയുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുടി വലിച്ചുമുറുക്കി കെട്ടുന്ന ഹെയര്‍സ്റ്റൈലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. വലിച്ചുമുറുക്കി കെട്ടുന്നത് തലയോട്ടിക്ക് സമ്മര്‍ദമുണ്ടാക്കുകയും മുടി കൊഴിയുന്നതിലേക്ക് നയിക്കുകയും ചെയ്യും.
Content Highlights: Healthy Hair Care Habits for Indian Women To Prevent Hair Thinning