ആദ്യ ഭാര്യയിലെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് നിർബന്ധിച്ചു;ഫരീദാബാദിൽ ലിവിങ് പാർട്ണറെ തല്ലിക്കൊന്ന് യുവാവ്

20കാരിയായ മകളേക്കുറിച്ചുള്ള മോശം പരാമര്‍ശം അസഹ്യമായതിന് പിന്നാലെയാണ് ലിവിങ് പാര്‍ട്ണറായ സോണിയയെ കൊലപ്പെടുത്തിയത്

dot image

ഫരീദാബാദ്: ആദ്യ ഭാര്യയിലെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ലിവിങ് പാര്‍ട്ണറെ യുവാവ് തല്ലിക്കൊന്നു. ഡല്‍ഹിയിലെ ഫരീദാബാദിലാണ് സംഭവം. ആദ്യ ഭാര്യയിലെ 20കാരിയായ മകളേക്കുറിച്ചുള്ള മോശം പരാമര്‍ശം അസഹ്യമായതിന് പിന്നാലെയാണ് ലിവിങ് പാര്‍ട്ണറായ സോണിയയെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര എന്നറിയപ്പെടുന്ന ബോബി പൊലീസിനോട് പറഞ്ഞു.

മകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും ബോബി പറഞ്ഞു. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഏപ്രില്‍ 21നായിരുന്നു കൊലപാതകം. ശനിയാഴ്ച മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടക്കയ്ക്ക് കീഴിലുള്ള സ്റ്റോറേജ് ക്യാബിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് സോണിയയെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് ബോബിയുടെ അമ്മ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ ബോബിയെ ഗോച്ചി ഗ്രാമത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഴുകിയ ഗന്ധം മുറിയില്‍ നിന്ന് വന്നപ്പോള്‍ ആദ്യം എലി ചത്തത് എന്നായിരുന്നു ബോബി അയല്‍വാസികളോട് പറഞ്ഞത്.

പിന്നാലെ കുന്തിരിക്കം പോലുള്ള വസ്തുക്കള്‍ കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ബോബി നടത്തിയിരുന്നു. അയല്‍വാസികള്‍ അഴുകിയ ഗന്ധം സഹിക്കാനാവാതെ വീട്ടുടമയെ വിളിച്ച് വരുത്തിയതിന് പിന്നാലെ ബോബി സ്ഥലം വിടുകയായിരുന്നു. ആദ്യ വിവാഹത്തിലെ പങ്കാളികള്‍ മരിച്ചതിന് പിന്നാലെയാണ് സോണിയയും ബോബിയും ഒരുമിച്ച് താമസം ആരംഭിച്ചത്. 10 വര്‍ഷമായി ബോബിയും സോണിയയും ഒരുമിച്ചാണ് താമസം.

Content Highlights: Living partner killed by man for forcing daughter into prostitution in Faridabad

dot image
To advertise here,contact us
dot image