
ഐപിഎൽ സീസൺ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി സൂര്യകുമാർ യാദവ്. രാജസ്ഥാൻ റോയൽസിനെതിരെ 23 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയാണ് സൂര്യ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയത്. സീസണിൽ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 467 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശന് 456 റൺസാണ് നേടാൻ സാധിച്ചിട്ടുള്ളത്.
റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമൻ. 10 മത്സരങ്ങളിൽ നിന്ന് 443 റൺസാണ് വിരാട് നേടിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നായി 426 റൺസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളാണ് പട്ടികയിൽ നാലാമത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 406 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ അഞ്ചാം സ്ഥാനത്തുണ്ട്.
അതിനിടെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. റയാൻ റിക്ലത്തൺ 61, രോഹിത് ശർമ 53, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ പുറത്താകാതെ 48 റൺസ് എന്നിങ്ങനെ മുംബൈ നിരയിൽ സംഭാവന ചെയ്തു.
Content Highlights: Suryakumar Yadav gets the Orange Cap