
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ വിജയത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. 'പഞ്ചാബ് ആഗ്രഹിച്ച തുടക്കം ലഭിച്ചിരിക്കുന്നു. എല്ലാ താരങ്ങളും കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തു. ടീമിൽ ബാറ്റിങ്ങിലോ ബൗളിങ്ങിലോ എന്തെങ്കിലും ഒരു കോമ്പിനേഷൻ പഞ്ചാബ് കണ്ടെത്തിയിട്ടില്ല. പകരം സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോ താരങ്ങളെ കളത്തിലെത്തിക്കുകയാണ്.' ശ്രേയസ് അയ്യർ മത്സരശേഷം പറഞ്ഞു.
'ഓരോ ടീമിനും മത്സരങ്ങൾ വിജയിക്കാനുള്ള കരുത്തുണ്ട്. ഓരോ ടീമിനെതിരെയും മികച്ച പ്രകടനം നടത്തുകയെന്ന ചിന്താഗതിയിലാണ് പഞ്ചാബ് കളത്തിലെത്തുന്നത്. ഞാനും മികച്ച പ്രകടനത്തിനായി ശ്രമിക്കും. ലഖ്നൗവിനെതിരായ എന്റെ ഇന്നിംഗ്സ് ഇനി ചരിത്രത്തിന്റെ ഭാഗമാണ്. അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി ലക്ഷ്യം.' ശ്രേയസ് വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്നലെ മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.
Content Highlights: It is the start we required says Shreyas Iyer