

2026 ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. കാനഡയെ വീഴ്ത്തി. 57 റണ്‍സിന് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക വരവറിയിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കാനഡയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ലുംഗി എന്‍ഗിഡിയാണ് കാനഡയെ തകര്‍ത്തത്. മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
കനേഡിയന്‍ നിരയില്‍ നവ്‌നീത് ധലിവാല്‍ 49 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സുമായി ഏതാണ്ട് ഒറ്റയ്ക്കു തന്നെ പൊരുതി നോക്കി. ആറാമനായി എത്തിയ ഹര്‍ഷ് ടകര്‍ മാത്രമാണ് നവ്‌നീതിനെ പിന്തുണച്ചത്. താരം 29 പന്തില്‍ 2 സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം ഫിഫ്റ്റി നേടിത്തിളങ്ങി. ഡേവിഡ് മില്ലറുടെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും തകര്‍പ്പനടികളാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്.
മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റൺ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. റിയാന്‍ റിക്കിൾട്ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. 6 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് നിരാശപ്പെടുത്തി.
T20 World Cup 2026: Lungi Ngidi claims four wickets, South Africa cruise past Canada by 57 runs