

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോണിയുടെ രാഷ്ട്രീയപ്രവേശം എക്കാലത്തെയും ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ധോണി ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന് ഒരുങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുകയാണ് 43കാരനായ ധോണി.
ഇപ്പോള്‍ ധോണിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ധോണിക്ക് മികച്ച രാഷ്ട്രീയക്കാരന്‍ ആകാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ശുക്ല ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പോവുന്നുണ്ടെന്ന അഭ്യൂഹങ്ങളെ കുറിച്ച് ധോണിയോട് തന്നെ ചോദിച്ചിരുന്നെന്നും വെളിപ്പെടുത്തി. ബിയര്‍ ബൈസെപ്സ് പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു ശുക്ല മനസ്സുതുറന്നത്.
'ധോണിക്ക് ഒരു രാഷ്ട്രീയക്കാരനാകാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. സൗരവ് ഗാംഗുലി ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. രാഷ്ട്രീയത്തിലും ധോണിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ജനപിന്തുണ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും വിജയം സമ്മാനിക്കും. ധോണി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് എനിക്കറിയില്ല. അത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ കൈകളിലാണ്', ശുക്ല പറഞ്ഞു.
RAJEEV SHUKLA COOKED MS DHONI 💔😭.
— Totla Seth (@LolRounder) February 1, 2025
RANVEER - Who can become the best Politician?
RAJEEV SHUKLA - MS DHONI 😂 pic.twitter.com/11MWc7529w
'ധോണി ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരിക്കല്‍ ചോദിച്ചിരുന്നു. അപ്പോള്‍ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്', അദ്ദേഹം വെളിപ്പെടുത്തി.
എല്ലാ കാര്യത്തില്‍ നിന്നും പൊതുവേ മാറിനില്‍ക്കുന്ന ധോണിയുടെ സ്വഭാവവും ശുക്ല ചൂണ്ടിക്കാട്ടി. 'എപ്പോഴും എല്ലാത്തിൽ നിന്നും മാറിനില്‍ക്കുകയെന്നത് ധോണിയുടെ സ്വഭാവമാണ്. അദ്ദേഹം ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യില്‍ വയ്ക്കാറില്ല. മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ പോലും ബുദ്ധിമുട്ടിയിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പ്രശസ്തിയില്‍ നിന്ന് അകന്നുനിൽക്കുന്നത് അവന്റെ സ്വഭാവമാണ്. എങ്കിലും ധോണി കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യാറുണ്ട്. അതിനെ എളുപ്പമാക്കി കാണാറില്ല', രാജീവ് ശുക്ല കൂട്ടിച്ചേര്‍ത്തു.
Content Highlights: MS Dhoni to enter politics? Rajeev Shukla spills the beans