

ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അഡ്ലെയ്ഡിലെ തോൽവിക്ക് ശേഷം ബ്രിസ്ബെയ്നിൽ എത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനത്തിലാണ്. എന്നാൽ പരിശീലനത്തിനിടെ നെറ്റ്സിന് പിന്നിൽ പന്തെടുത്ത് കൊടുക്കാൻ മാത്രമായുള്ള റോളായിരുന്നു മധ്യനിര ബാറ്റർ സർഫറാസ് ഖാന്റേത്. മാധ്യമപ്രവർത്തകൻ ഭരത് സുന്ദരേശൻ പുറത്തുവിട്ട ചിത്രങ്ങളിൽ ആരാധകർ കമന്റുകളുമായി എത്തിയിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ സർഫറാസ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതികളിലായിരുന്നു. എന്നാൽ ഇപ്പോൾ നെറ്റ്സിൽ ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിക്കുന്നില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്ന് ആരാധകരിൽ ഒരാൾ പ്രതികരിച്ചു. ബെംഗളൂരുവിൽ സെഞ്ച്വറി നേടിയ താരം ഗാബയിൽ അവസരത്തിനായി കാത്തിരിക്കുകയാണെന്നും സർഫ്രാസിന്റെ വിജയത്തിലേക്കുള്ള യാത്രയ്ക്ക് തടസങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും മറ്റൊരു ആരാധകൻ പ്രതികരിച്ചു.
Feel for Sarfaraz Khan. Was on top of the world after his ton in Bengaluru a month or so ago. Here he is sitting behind the net at the Gabba, watching the rest bat & retrieving balls that sneak underneath before finally getting his chance once the main guys are done #AusvInd pic.twitter.com/cPYeMsCmFQ
— Bharat Sundaresan (@beastieboy07) December 12, 2024
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സർഫറാസ് ഖാന് അവസരം ലഭിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ രോഹിത് ശർമയും ശുഭ്മൻ ഗില്ലും കളിക്കാതിരുന്നപ്പോൾ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത് ദേവ്ദത്ത് പടിക്കലിനും ധ്രുവ് ജുറേലിനുമായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇരുതാരങ്ങളും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. നിലവിലത്തെ സാഹചര്യത്തിൽ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും സർഫറാസിന് അവസരം ഉണ്ടായേക്കില്ലെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Role Reduced To Retrieving Balls In Nets, Sarfaraz Khan's Status Leaves Fans Upset