

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ ഇംഗ്ലണ്ട് മുൻ പേസർ ജെയിംസ് ആൻഡേഴ്സണെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുമെന്ന് മൈക്കൽ വോൺ. ചെന്നൈ സൂപ്പർ കിങ്സ് ആൻഡേഴ്സണെപോലൊരു ബൗളറെ ആഗ്രഹിക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് മുൻ താരം പറയുന്നു. മത്സരത്തിൽ ആദ്യ ഓവറുകളിൽ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് ആൻഡേഴ്സണ് ഉണ്ട്. ആ കഴിവിനെ ചെന്നൈ പരമാവധി ഉപയോഗപ്പെടുത്തുമെന്നും മൈക്കൽ വോൺ പറഞ്ഞു.
42കാരനായ ഇംഗ്ലണ്ട് മുൻ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആൻഡേഴ്സൺ ഐപിഎൽ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.25 കോടിയാണ് അടിസ്ഥാന വില. 2014ലാണ് ആൻഡേഴ്സൺ ഒടുവിൽ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. ഒരിക്കലും ഐപിഎല്ലിൽ കളിക്കാൻ ആൻഡേഴ്സണ് അവസരം ലഭിച്ചിട്ടുമില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം പതിപ്പിനുള്ള മെഗാതാരലേലം നവംബർ 24, 25 തിയതികളിൽ നടക്കും. സൗദിയിലെ ജെദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Vaughan predicts James Anderson's possible team for IPL 2025