

ട്വന്റി 20 ക്രിക്കറ്റിൽ ചില സമയങ്ങളിൽ 120 എന്ന സ്കോറിൽ ടീമുകൾക്ക് ഒതുങ്ങേണ്ടി വരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 'എത്ര ചെറിയ സ്കോറാണെങ്കിലും അത് പ്രതിരോധിക്കാൻ ടീം തയ്യാറാകണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിൽ ഏറെ അഭിമാനമുണ്ട്. ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഒരുപാട് ആവേശം ബാക്കി നിൽക്കുന്നു. പരമ്പര 1-1 എന്ന നിലയിൽ ജൊഹന്നാസ്ബർഗിലേക്ക് പോകുന്നത് കൂടുതൽ ആവേശകരമാക്കുന്നു.' സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.
രണ്ടാം ട്വന്റി 20യിലെ മികച്ച പ്രകടനത്തിന് വരുൺ ചക്രവർത്തിയെയും ഇന്ത്യൻ ക്യാപ്റ്റൻ പ്രശംസിച്ചു. 125 റൺസെന്ന ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ അഞ്ച് വിക്കറ്റ് നേട്ടം അവിശ്വസനീയമാണ്. ഈയൊരു പ്രകടനത്തിനായി വരുൺ ഏറെക്കാലമായി കാത്തിരിക്കുന്നു. തന്റെ ബൗളിങ്ങിൽ കഠിനാദ്ധ്വാനം നടത്തി. ഇപ്പോൾ വരുണിന്റെ ബൗളിങ്ങ് എല്ലാവരും ആസ്വദിച്ചെന്നും സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരഫലം പലതവണ മാറിമറിഞ്ഞ മത്സരത്തിൽ ആറ് പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കൻ വിജയം. സ്പിന്നർ വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങിൽ ഒരുഘട്ടത്തിൽ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുറത്താകാതെ 41 പന്തിൽ 47 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. സ്കോർ ഇന്ത്യ 124/6 (20), ദക്ഷിണാഫ്രിക്ക 128/7 (19).
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറിൽ തന്നെ സഞ്ജു സാംസണെ നഷ്ടപ്പെട്ട ഇന്ത്യ പിന്നീട് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. അഭിഷേക് ശർമ നാല്, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാല്, തിലക് വർമ 20, അക്സർ പട്ടേൽ 27, റിങ്കു സിങ് ഒമ്പത്, ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ നിരയിലെ സ്കോറുകൾ.
മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകിയത്. റീസ ഹെൻഡ്രിക്സ് 24, എയ്ഡൻ മാക്രം മൂന്ന്, മാർകോ ജാൻസൻ ഏഴ്, ഹെൻറിച്ച് ക്ലാസൻ രണ്ട്, ഡേവിഡ് മില്ലർ പൂജ്യം എന്നിവരെ വരുൺ പുറത്താക്കി. ഏഴ് റൺസെടുത്ത ആൻഡിലെ സിമലാനെയെ പുറത്താക്കി രവി ബിഷ്ണോയും ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.
ഒരു ഘട്ടത്തിൽ ഏഴിന് 86 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ജെറാൾഡ് കോട്സീയുടെയും പ്രകടനമികവിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. 41 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പടെ 47 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. ഒടുവിൽ ഒരോവർ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയം സ്വന്തമാക്കി.
Content Highlights: Suryakumar Yadav hopes plenty of excitement reamins in SA t20