'ഇത് ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓഡിഷൻ വല്ലതുമാണോ?'; ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്കില്‍ ട്രോള്‍പൂരം

ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പുറത്താകാതെ 39 റണ്‍സെടുത്ത് ടോപ് സ്‌കോററായിരുന്നു. എന്നാല്‍ 45 പന്തില്‍ നിന്നാണ് ഹാര്‍ദിക് 39 റണ്‍സ് നേടിയത്.

'ഇത് ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓഡിഷൻ വല്ലതുമാണോ?'; ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്കില്‍ ട്രോള്‍പൂരം
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ നിരയില്‍ ടോപ് ഓര്‍ഡര്‍ അടക്കം എല്ലാവരും നിരാശപ്പെടുത്തിയപ്പോള്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പുറത്താകാതെ 39 റണ്‍സെടുത്ത് ടോപ് സ്‌കോററായിരുന്നു. എന്നാല്‍ 45 പന്തില്‍ നിന്നാണ് ഹാര്‍ദിക് 39 റണ്‍സ് നേടിയത്. ഈ മെല്ലെപ്പോക്കിനെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുന്ന ഘട്ടത്തിലാണ് ഹാര്‍ദിക് ബാറ്റുവീശിയത്. എട്ടാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 45 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഹാര്‍ദിക് ക്രീസിലെത്തുന്നത്. ഓപണര്‍ അഭിഷേക് ശര്‍മ, ഹാട്രിക് സെഞ്ച്വറി പ്രതീക്ഷിച്ച് ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ അപ്പോഴേക്കും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിക്കുകയെന്ന ദൗത്യത്തിലേക്കാണ് ഹാര്‍ദിക് നടന്നടുത്തത്.

ഒരു കൂട്ടത്തകര്‍ച്ച തടയുന്നതില്‍ ഹാര്‍ദിക് വിജയിച്ചെങ്കിലും ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലെത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാത്തതിനും മെല്ലെപ്പോക്കിനും ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഹാര്‍ദിക് ടി20 മത്സരത്തില്‍ ഒരു 'ടെസ്റ്റ് ഇന്നിങ്‌സ്' കളിക്കുകയാണ് ചെയ്തതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

വരാനിരിക്കുന്ന ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഹാര്‍ദിക് ഓഡിഷന്‍ ചെയ്യുന്നതു പോലെയുണ്ടെന്നാണ് ചില ആരാധകരുടെ വിമര്‍ശനം. ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ നിന്നും ഹാര്‍ദ്ദിക്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ആരാധകര്‍ രംഗത്തെത്തി. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം നോക്കി സ്‌ക്വാഡിലേക്ക് തിരിച്ചെടുക്കാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ആറ് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ് വിജയത്തിലെത്തി. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ഒരുഘട്ടത്തില്‍ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറത്താകാതെ 41 പന്തില്‍ 47 റണ്‍സുമായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 124/6 (20), ദക്ഷിണാഫ്രിക്ക 128/7 (19).

Content Highlights: Hardik Pandya slammed for slow knock in 2nd T20: Auditioning for Australia Tests

dot image
To advertise here,contact us
dot image