
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഭേദപ്പെട്ട സ്കോർ. മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറിൽ 231 റൺസിൽ ഓൾ ഔട്ടായി. സച്ചിൻ ബേബിയുടെ സെഞ്ചുറിയും സഞ്ജു സാംസണിന്റെ അർദ്ധ സെഞ്ചുറിയുമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മത്സരത്തിൽ കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മൂന്നാം വിക്കറ്റിൽ സഞ്ജുവും സച്ചിനും ഒന്നിച്ചതോടെയാണ് കേരളം കരകയറിയത്. ഈ വിക്കറ്റിൽ 126 റൺസ് കൂട്ടിച്ചേർക്കാൻ കേരളത്തിന് കഴിഞ്ഞു. 55 റൺസെടുത്ത സഞ്ജു പുറത്തായതോടെ വീണ്ടും ബാറ്റിംഗ് തകർച്ച ആരംഭിച്ചു.
സച്ചിന്റെ ബാറ്റിംഗ് മാത്രമാണ് പിന്നീടുള്ള ഇന്നിംഗ്സിൽ കേരളത്തിന് പറയാനുണ്ടായിരുന്നത്. 104 റൺസെടുത്ത സച്ചിൻ പുറത്താകുമ്പോൾ കേരളം എട്ടിന് 224 റൺസിൽ എത്തിയിരുന്നു. അധികം വൈകാതെ കേരളത്തിന്റെ ഇന്നിംഗ്സും അവസാനിച്ചു.