
ന്യൂഡല്ഹി: ഐസിസി ഏകദിന റാങ്കിങ്ങ് പുറത്തുവന്നപ്പോള് ഇന്ത്യയ്ക്ക് ഇരട്ടിമധുരം. ബാറ്റര്മാരുടെ റാങ്കിങ്ങില് ഇന്ത്യയുടെ യുവ ഓപ്പണര് ശുഭ്മാന് ഗില് ഒന്നാമതെത്തിയപ്പോള് ബൗളിങ്ങില് പേസര് മുഹമ്മദ് സിറാജ് ഒന്നാമതെത്തി. പാകിസ്താന് നായകന് ബാബര് അസമിനെ പിന്നിലാക്കിയാണ് ഗില് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് ഗില്ലിനെ ഒന്നാമതെത്തിച്ചത്. ശ്രീലങ്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും നടന്ന മത്സരങ്ങളില് താരം അര്ധ സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്കക്കെതിരെ 92 പന്തില് നിന്ന് 92 റണ്സാണ് ഗില് അടിച്ചെടുത്തത്. ഇതോടെ സച്ചിന് ടെണ്ടുല്ക്കര്, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവര്ക്ക് ശേഷം ഏകദിന റാങ്കിങ്ങില് ഒന്നാമതെത്തുന്ന ഇന്ത്യന് താരമായി ഗില് മാറി. പുതിയ റാങ്കിങ്ങിലെ ആദ്യ പത്തില് മറ്റു രണ്ട് ഇന്ത്യന് താരങ്ങളുമുണ്ട്. വിരാട് കോഹ്ലി നാലാം സ്ഥാനത്തും രോഹിത് ശര്മ്മ ആറാം സ്ഥാനത്തുമാണുള്ളത്.
കരിയറില് ആദ്യമായാണ് ശുഭ്മാന് ഗില് ഒന്നാമതെത്തുന്നത്. 830 പോയിന്റുമായി ഗില് ഒന്നാം സ്ഥാനത്തെത്തിയപ്പോള് 824 പോയിന്റുള്ള ബാബര് രണ്ടാം സ്ഥാനത്തേക്ക് വീണു. മൂന്ന് വര്ഷമായി ബാബറായിരുന്നു ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര് ബാറ്റര്. അതേസമയം ലോകകപ്പിലെ മോശം പ്രകടനമാണ് പാകിസ്താന് ക്യാപ്റ്റന് തിരിച്ചടിയായത്.
ഏകദിന ബൗളര്മാരുടെ റാങ്കിങ്ങിലും ഇന്ത്യന് ആധിപത്യമാണുള്ളത്. ഇന്ത്യയുടെ സ്റ്റാര് പേസര് മുഹമ്മദ് സിറാജ് ബൗളിങ്ങില് ഒന്നാമതെത്തി. 709 പോയിന്റാണ് സിറാജിനുള്ളത്. ദക്ഷിണാഫ്രിക്കന് സ്പിന്നര് കേശവ് മഹാരാജാണ് രണ്ടാം സ്ഥാനത്തുള്ളത്. ആദ്യ പത്തില് നാല് ഇന്ത്യന് താരങ്ങളാണുള്ളത്. കുല്ദീപ് യാദവ് നാലാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തുമുണ്ട്.