
കൊൽക്കത്ത: ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ രുചികൾ ആസ്വദിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് പാക് ടീം കിടിലൻ ബിരിയാണിയാണ് ഓഡർ ചെയ്തത്. കൊൽക്കത്തയിലെ പ്രസിദ്ധമായ സം സം റെസ്റ്ററന്റിൽ നിന്ന് ബിരിയാണി, കബാബ്, ചാപ് എന്നിവ പാക് താരങ്ങളുടെ ഭക്ഷണ മേശയിലേക്കെത്തി. പകരമായി ഹോട്ടലിലെ അത്താഴം പാക് താരങ്ങൾ വേണ്ടെന്നുവെച്ചു.
ബിരിയാണിക്ക് ഓഡർ തന്നത് പാകിസ്താൻ താരങ്ങളാണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്ന് സം സം റെസ്റ്ററന്റ് ഡയറക്ടർ ഷാദ്മാൻ ഫൈസ് പറഞ്ഞു. പിന്നീട് ഇക്കാര്യം മനസിലായി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ഓഡർ വന്നത്. പാകിസ്താൻ ക്രിക്കറ്റ് ടീം ഭക്ഷണം ആസ്വദിച്ചുവെന്ന് കരുതുന്നു. കൊൽക്കത്തയിലെ ബിരിയാണി വളരെ പ്രസിദ്ധമാണ്. ലോകത്ത് എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് ജനം എത്താറുണ്ടെന്നും സം സം റെസ്റ്ററന്റ് ഡയറക്ടർ വ്യക്തമാക്കി.
പാക് ക്രിക്കറ്റ് താരങ്ങൾ അമിത ആഹാരം കഴിക്കുകയാണെന്നും കായികക്ഷമത നോക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്കിടയിലാണ് ബാബർ സംഘവും ബിരിയാണി കഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ലോകകപ്പിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച പാകിസ്താൻ മൂന്ന് വിജയമാണ് നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താൻ ഇനി സെമി പ്രവേശനത്തിനായി പൊരുതുകയാണ്.