
ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 273 വിജയലക്ഷ്യം. അർധസെഞ്ച്വറി നേടിയ നായകൻ ഹഷ്മത്തുള്ള ഷാഹീദി, അസ്മത്തുള്ള ഒമർസായി എന്നിവരാണ് അഫ്ഗാൻ ഇന്നിംഗ്സിൻറെ നെടുംതൂണുകൾ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും ഹർദ്ദിക് പാണ്ഡ്യെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച ഹഷ്മത്തുള്ള ഷഹീദി- അസ്മത്തുള്ള ഒമർസായി സഖ്യം നടത്തിയ രക്ഷാപ്രവർത്തനം പൊരുതാനുള്ള ടോട്ടൽ സമ്മാനിച്ചു. ഒരു ഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച അഫ്ഗാനെ പക്ഷേ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുക്കെട്ടി.
അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഭേദപ്പെട്ട തുടക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറ്റൊന്നായിരുന്നു സംഭവിച്ചത്. ആറാം ഓവറിലെ നാലാം പന്തിൽ ആദ്യ വിക്കറ്റ് വീണു. 28 പന്തിൽ നിന്ന് നാല് ബൌണ്ടറി 22 റൺസെടുത്ത ഓപ്പണർ ഇബ്രാഹിം സദ്രാനെ മടക്കി ജസ്പ്രീത് ബുമ്രയാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. 12-ാം ഓവറിൽ സഹ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് പുറത്തായി. 28 പന്തിൽ നിന്ന് 21 റൺസെടുത്ത ഗുർബാസിനെ ഹാർദിക് പാണ്ഡ്യ ഷർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായി ഇറങ്ങിയ റഹ്മത്ത് ഷായും വേഗം മടങ്ങിയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമായി. എന്നാൽ 63/3 എന്ന നിലയിലേക്ക് വീണ അഫ്ഗാൻ നായകന്റെ രക്ഷാപ്രവർത്തനത്തിൽ ഉയർത്തെഴുന്നേറ്റു.
നാലാം വിക്കറ്റിൽ ഹഷ്മത്തുള്ള ഷഹീദിയും അസ്മത്തുള്ള ഒമർസായിയും പക്വതയോടെ കളിച്ചതോടെ ഇന്ത്യയ്ക്ക് ലഭിച്ച ആനുകൂല്യം നഷ്ടമായി. ഇരുവരും അർധ സെഞ്ച്വറി നേടുകയും 121 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. 88 പന്തിൽ നിന്ന് 80 റൺസെടുത്ത ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. 69 പന്തുകളിൽ നിന്ന് ഒമർസായ് 62 റൺസും അടിച്ചു. 35-ാം ഓവറിൽ ഒമർസായിയുടെ വിക്കറ്റ് വീഴ്ത്തി ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മുഹമ്മദ് നബി (19), നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്മാൻ (10), നവീൻ ഉൾ ഹഖ് (9) എന്നിവർ പുറത്താകാതെ നിന്നു.