
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ അമ്പെയ്ത്ത് വിഭാഗത്തില്‍ തുടക്കം ഉജ്ജ്വലമാക്കി ഇന്ത്യ. വനിതാ ടീമിന് പിന്നാലെ ഇന്ത്യയുടെ പുരുഷ ടീമും അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ് എന്നിവരടങ്ങിയ ടീമാണ് മിന്നും പ്രകടനത്തോടെ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 2013 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.
ധീരജ് ബൊമ്മദേവര 681 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. തരുണ്‍ദീപ് 674 പോയിന്റ് നേടി 14-ാം സ്ഥാനത്തും പ്രവീണ്‍ യാദവ് 658 പോയിന്റ് നേടി 39-ാം സ്ഥാനത്തുമെത്തി. അതേസമയം 2049 പോയിന്റുമായി ദക്ഷിണ കൊറിയയാണ് മത്സരത്തില്‍ ഒന്നാമതെത്തിയത്. 2025 പോയിന്റുമായി ആതിഥേയരായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണുള്ളത്. ചൈന ഇന്ത്യയ്ക്കു പിന്നില്‍ നാലാമതാണ്.
റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ വനിതകളും നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.