
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം 21ലേക്ക്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഇഷ സിംഗ് വെള്ളി മെഡൽ നേടിയതോടെയാണ് ഇന്ത്യൻ നേട്ടം ഉയർന്നത്. സ്വർണ മെഡലിനായി ചൈനയുടെ ലിയു റുയിയുമായി ഇഷ കടുത്ത പോരാട്ടമാണ് നടത്തിയത്. ചൈനീസ് താരം 38 പോയിന്റ് നേടിയപ്പോൾ ഇഷ 34 പോയിന്റ് നേടി.
അവസാന സീരിസിൽ ലിയു നാല് പോയിന്റ് നേടിയപ്പോൾ ഇഷയ്ക്ക് രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്. എന്നാൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭകാർ നിരാശപ്പെടുത്തി. 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മനു ഭകാർ ഫിനിഷ് ചെയ്തത്. ഇന്ന് 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ടീമിൽ മനു ഭകാറും ഇഷ സിംഗും അംഗമാണ്.
ഏഷ്യൻ ഗെയിംസിൽ ഇതുവരെ അഞ്ച് സ്വർണത്തോടെയാണ് ഇന്ത്യ 21 മെഡലുകൾ നേടിയത്. ആറ് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ഗെയിംസിൽ സ്വന്തമാക്കി കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. 65 സ്വർണമടക്കം 114 മെഡലുള്ള ചൈനയാണ് മെഡൽനിലയിൽ ഒന്നാം സ്ഥാനത്ത്.