കഥയിൽ അല്പം കാര്യം; മമ്മൂട്ടിക്കും സംഘത്തിനും അനുഭവിക്കേണ്ടി വന്നത് മഹാരാഷ്ട്രയിൽ യാഥാർത്ഥ്യമായി

നിലവിലെ സാഹചര്യത്തിലും ഉണ്ടയിലെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല എന്ന യാഥാർത്ഥ്യമാണ് മഹാരാഷ്ട്രയിലെ അനുഭവം തെളിയിക്കുന്നത്. ചില സിനിമകൾ സമൂഹത്തിനോടും അധികാരികളോടുമുള്ള ചോദ്യങ്ങളാണ്. അതുപോലൊരു പ്രസക്തമായ ചോദ്യമായി ഉണ്ട വീണ്ടും മാറുകയാണ്.
കഥയിൽ അല്പം കാര്യം; മമ്മൂട്ടിക്കും സംഘത്തിനും അനുഭവിക്കേണ്ടി വന്നത് മഹാരാഷ്ട്രയിൽ യാഥാർത്ഥ്യമായി

കാലം മാറി പക്ഷെ കഥ ഇപ്പോഴും പഴയത് തന്നെ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് ചത്തീസ്ഗഢിലേക്ക് പോയ കേരളാ പൊലീസ് സംഘത്തിന്റെ അതിജീവന കഥ തിയേറ്ററിൽ ഇറങ്ങിയിട്ട് അഞ്ച് വർഷം പൂർത്തിയാകാൻ പോകുകയാണ്. 'ഉണ്ട'യിലെ പൊലീസ് അനുഭവം വെറും കഥയല്ല കാര്യമാണെന്ന് അഞ്ച് വർഷത്തിനിപ്പുറം വീണ്ടും തെളിയുകയാണ്. സ്ഥലവും സന്ദർഭവും രണ്ടാണെങ്കിലും സിനിമയിൽ എസ് ഐ മണികണ്ഠനും സംഘവും അനുഭവിച്ച ദുരിതത്തിന്റെ ആഴവും പരപ്പുമെല്ലാം കഥ കാര്യമാകുമ്പോഴും ഒന്നുതന്നെയാണ്.

കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലെ ജാൻവാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരുടെ അവസ്ഥ ഒരുപരിധിവരെ സിനിമയിലേതിന് സമാനമാണ്. റൈഫിളുമായി പൊലീസ് സേനാംഗങ്ങൾ യാത്ര ചെയ്യുന്നത് തിക്കും തിരക്കുമുള്ള ബസിൽ. ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. റൂട്ട് മാർച്ചിന് ശേഷം തിരികെ ക്യാമ്പിലേക്ക് മടങ്ങാൻ വാഹനം ഏർപ്പാട് ചെയ്തില്ല എന്നുമാത്രമല്ല, ആയുധങ്ങളുമായി മടങ്ങി വരാൻ ആവശ്യപ്പെട്ടത് സാധാരണക്കാർ സഞ്ചരിക്കുന്ന ലൈൻ ബസിൽ.

75ഓളം പൊലീസുകാരായിരുന്നു ബറ്റാലിയനിലുണ്ടായിരുന്നത്. അതിൽ 35 പേർക്ക് സഞ്ചരിക്കാൻ വാഹനം ഒരുക്കി. പക്ഷെ 40ഓളം പേർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. കേരള പൊലീസിനെയും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നമ്മുടെ കേരളാ പൊലീസിന്റെ റൈഫിളും പിടിച്ചുകൊണ്ട് കമ്പിയിൽ തൂങ്ങിയുള്ള യാത്ര.

കേരളത്തിലെ ഒരു ഉദ്യോഗസ്ഥൻ സ്വന്തം വാഹനത്തിൽ റൈഫിൾ വെച്ചു സഞ്ചരിച്ചതിന് കർശന നടപടിയെടുത്ത സംവിധാനമാണ് നമ്മുടേത്. ഈ സംവിധാനത്തിന് കീഴിലുള്ള പൊലീസുകാർക്കാണ് ലൈൻബസിൽ ഉണ്ടയുള്ള തോക്കുമായി സംഘമായി സഞ്ചരിക്കേണ്ടി വന്നത്. പരിചയമില്ലാത്ത ഒരു നാട്ടിൽ ആയുധങ്ങളുമായി ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യേണ്ടി വന്നതെന്ന് ഓർക്കണം.

ഇതേ സാഹചര്യം തന്നെയാണ് അഞ്ച് വർഷം മുമ്പ് ഉണ്ടയെന്ന മലയാള സിനിമയും പറഞ്ഞത്. ചത്തീസ്ഗഢിലെ ബസ്തറിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയ പൊലീസ് സംഘത്തിന്റെ അവസ്ഥ കണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയപ്പെട്ടവർക്ക് ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കുമെന്ന് സാക്ഷ്യം പറഞ്ഞിരിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കേരള പൊലീസിന്റെ അനുഭവം.

ഉണ്ട സിനിമയിൽ സബ് ഇൻസ്പപെക്ടർ മണികണ്ഠന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പൊലീസുകാർ യാത്ര തിരിക്കുന്നത് തിരികെ വരുമോ എന്ന് പോലും പ്രതീക്ഷയില്ലാതെയാണ്. കേരളാ പൊലീസിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന സേനാംഗങ്ങളായി തിരിച്ചുവരുമെന്ന വിശ്വാസം മാത്രമാണ് ഇവരെ നിയോഗിച്ചവരും പ്രതീക്ഷിക്കുന്നത്. വിശ്വാസമല്ലേ എല്ലാം എന്ന അവസ്ഥയ്ക്ക് മാത്രം ഇപ്പോഴും മാറ്റമില്ല.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുക എന്നതല്ലാതെ തങ്ങൾ പോകുന്ന സ്ഥലത്തിന്റെ ജിയേഗ്രാഫിയോ, പൊളിറ്റിക്‌സോ ഒന്നും ഇവരിലാർക്കും അറിയുക പോലുമില്ല. തങ്ങളെ സഹായിക്കാൻ അവിടെ ആരെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയോടെ അന്യനാട്ടിലെത്തുന്ന സംഘത്തെ കാത്തിരിക്കുന്ന ദുരനുഭവങ്ങൾ നമ്മൾ സ്‌ക്രീനിലൂടെ കണ്ടതാണ്.

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തി ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ലുക്ക്മാൻ തുടങ്ങിയവർ തകർത്തഭിനയിച്ച സിനിമ കാലാത്തിന് മുന്നേ സംഭവിച്ചതാണെന്ന് പറയാനും സാധിക്കില്ല. കാരണം ഇത് ഉണ്ടയ്ക്ക് മുൻപ് സംഭവിച്ചതാണ് ഉണ്ടയ്ക്ക് ശേഷവും മാറ്റമില്ലാതെ തുടരുകയുമാണ്.

നിലവിലെ സാഹചര്യത്തിലും ഉണ്ടയിലെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല എന്ന യാഥാർത്ഥ്യമാണ് മഹാരാഷ്ട്രയിലെ അനുഭവം തെളിയിക്കുന്നത്. ചില സിനിമകൾ സമൂഹത്തിനോടും അധികാരികളോടുമുള്ള ചോദ്യങ്ങളാണ്. അതുപോലൊരു പ്രസക്തമായ ചോദ്യമായി ഉണ്ട വീണ്ടും മാറുകയാണ്.

കവാലാകുന്നവർക്ക് കാവലാകേണ്ടത് ആരാണ് എന്ന ചോദ്യം. ആവശ്യത്തിന് ആയുധങ്ങളില്ലാതെ മാവോയിസ്റ്റ് ശക്തികേന്ദ്രത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരുടെ കെടുതി പാതി കളിയായും പാതി കാര്യമായും നമ്മൾ തീയേറ്ററിൽ ആസ്വദിച്ചിരുന്നു. ഇപ്പോഴാണ് കളികാര്യമായത് നമ്മൾ തിരിച്ചറിയുന്നത്. പക്ഷെ അധികാരികൾക്ക് ഇതൊക്കെ ഇപ്പോഴും കളിയായി തന്നെ തുടരുന്നുവെന്നതാണ് അതിശയകരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com