ഐപിഎല്ലിലെ ബാറ്റിംഗ് വിസ്ഫോടനം; നിലവാരക്കുറവ് എവിടെയാണ് ?

ചെറിയ സ്കോർ നേടുന്നതും അത് പ്രതിരോധിക്കുന്നതും ക്രിക്കറ്റിന്റെ ഭാ​ഗം തന്നെയാണ്
ഐപിഎല്ലിലെ ബാറ്റിംഗ് വിസ്ഫോടനം; നിലവാരക്കുറവ് എവിടെയാണ് ?

ക്രിക്കറ്റ് മത്സരങ്ങളിൽ ബാറ്ററുടെയും ബൗളറുടെയും റോൾ തുല്യമായിരിക്കണം. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പ് കടന്നുപോകുമ്പോൾ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങൾ ഇത് ആവർത്തിച്ചു പറയുന്നുണ്ട്. ക്രിക്കറ്റിൻ്റെ മണ്ഡലത്തിൽ, ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നിവയ്ക്കിടയിൽ സൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഗെയിമിൻ്റെ ഓരോ വശത്തിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത ചില കാഴ്ചകളാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിൽ കാണുന്നത്.

ഇതുവരെ നടന്ന 43 മത്സരത്തിൽ 25 തവണ ടീമുകൾ സ്കോർബോർഡ് 200 കടന്നു. അതിൽ 10 ഇന്നിം​ഗ്സുകളിൽ സ്കോർ 250ന് മുകളിലായിരുന്നു. കഴിഞ്ഞ 16 വർഷങ്ങളിൽ ഒരിക്കൽ മാത്രമാണ് ഐപിഎൽ സ്കോർ 250 കടന്നിട്ടുള്ളത്. ഈഡൻ ​ഗാർഡനിൽ കൊൽക്കത്തയും പഞ്ചാബും ഏറ്റുമുട്ടിയപ്പോൾ 261 റൺസ് പിന്തുടർന്ന് വിജയിച്ചുവെന്നത് അത്ഭുതം സൃഷ്ടിക്കുന്നു. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം 250 റൺസിന് മുകളിൽ റൺസടിച്ചിട്ടും പരാജയപ്പെടുന്നത്. അതിന്റെ അർത്ഥം എത്ര വലിയ റൺസ് സ്കോർ ചെയ്താലും അതൊന്നും സുരക്ഷിതമല്ലെന്നാണ്.

സീസണിൽ മൂന്ന് തവണ 250ന് മുകളിൽ സ്കോർ ചെയ്ത ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മൂന്നിന് 287 എന്ന ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്കോർ നേടിയ ടീം. എന്നിട്ടും ഇനി 300 റൺസാണ് അടിക്കുകയാണ് സൺറൈസേഴ്സിന്റെ ലക്ഷ്യമെന്ന് അവരുടെ തന്നെ ഒരു താരം പറയുകയാണ്. ഈ പ്രസ്താവനയിൽ ബാക്കിയാകുന്നത് ഒരു ചോദ്യമാണ്. ഐപിഎല്ലിന്റെ നിലവാരം തകർച്ചയിലേക്ക് നീങ്ങുന്നതാണോ?

ഈ ചോദ്യത്തിന്റെ ഉത്തരം തിരയേണ്ടത് സുനിൽ ​ഗാവസ്കറിൽ നിന്നുമാണ്. ഏകദിന ക്രിക്കറ്റിൽ ഒരു സെഞ്ച്വറി മാത്രമുള്ള താരമാണ് സുനിൽ ​ഗാവസ്കർ. 1987ലെ ലോകകപ്പിലാണ് ​ഗാവസ്കറിന്റെ നേട്ടം. താൻ അസുഖ ബാധിതനായതിനാൽ വേ​ഗത്തിൽ കുറച്ച് റൺസ് അടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ​​ഇന്ത്യൻ മുൻ താരം പിന്നീട് വെളിപ്പെടുത്തി. എന്നുവെച്ചാൽ ക്രിക്കറ്റിനെ അതിന്റെ പരമ്പരാ​ഗത ശൈലിയിൽ മാത്രം സമീപിച്ചിരുന്ന താരമായാരുന്നു ​ഗാവസ്കർ. ആ കാലഘട്ടത്തിൽ നിന്ന് ക്രിക്കറ്റ് ഏറെ മുന്നോട്ട് നീങ്ങി.

വീരേന്ദർ സേവാ​ഗും സന്നത് ജയസൂര്യയും ഏകദിന ക്രിക്കറ്റ് ആദ്യ പന്ത് മുതൽ അടിച്ച് തകർക്കാനുള്ളതാണെന്ന് പറ‍ഞ്ഞുതന്നു. ട്വന്റി 20 ക്രിക്കറ്റിന്റെ വരവോടെ ആദ്യ പന്ത് തന്നെ സിക്സ് അടിക്കണമെന്ന ധാരണ താരങ്ങളിൽ ഉണ്ടാക്കി. സമീപകാലത്ത് 100 ബോൾ ക്രിക്കറ്റിന്റെയും ടി10 ക്രിക്കറ്റിന്റെയും വരവ് എല്ലാ ബോളുകളും സിക്സ് നേടിയാൽ മാത്രമെ മത്സരം വിജയിക്കാൻ കഴിയൂ എന്ന സ്ഥിതിയുണ്ടാക്കി. ഒരു പരിധിവരെ ആരാധകർ ഈ ബാറ്റിം​ഗ് വെടിക്കെട്ടുകൾ ആസ്വദിച്ചു എന്നതാണ് സത്യം. അതിന് ഉദാഹരണം 2015ലെ ഏകദിന ലോകകപ്പാണ്.

ഐപിഎല്ലിലെ ബാറ്റിംഗ് വിസ്ഫോടനം; നിലവാരക്കുറവ് എവിടെയാണ് ?
ഇഷാൻ കിഷന്റെ അലസത; ‍ഡൽഹിക്ക് വെറുതെ അഞ്ച് റൺസ്

ലോകകപ്പിന് മുമ്പായി ചില നിയമങ്ങൾ ഏകദിന ക്രിക്കറ്റിൽ പരീക്ഷിച്ചു. പവർപ്ലേയ്ക്ക് ശേഷം 30 യാർഡ്സ് സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർ എന്ന നിയമം നാല് പേരായി. ബാറ്റിംഗ് പവർപ്ലേയിലും ബൗളിം​ഗ് പവർപ്ലേയിലും മൂന്ന് ഫിൽഡർമാർ 30 യാർഡ്സിന് പുറത്തുണ്ടായിരുന്നു. ലോകകപ്പിൽ റൺസൊഴുകി. പല മത്സരങ്ങളിലും അനായാസാം ടീം സ്കോർ 300ന് മുകളിലേക്ക് കയറി. സച്ചിൻ തെണ്ടുൽക്കറിനെപ്പോലൊരു ഇതിഹാസ താരമില്ലാതിരിന്നിട്ടും ലോകകപ്പ് വൻവിജയമായി. പക്ഷേ ആ നിയമങ്ങൾ ലോകകപ്പോടെ ഒഴിവാക്കി. ഇത്രയധികം റൺസ് വരുന്നത് ബൗളർമാരുടെ റോളുകൾ ഇല്ലാതാക്കുമെന്ന മുൻ താരങ്ങളുടെ വിമർശനമായിരുന്നു കാരണം.

വർഷങ്ങൾക്ക് ശേഷം സമാന സാഹചര്യമാണ് ഐപിഎല്ലിൽ പരീക്ഷിക്കപ്പെടുന്നത്. അതിനായി ബാറ്റിം​ഗ് വിക്കറ്റുകൾ ഒരുക്കി നൽകാൻ അധികൃതരും തയ്യാറാകുന്നു. പക്ഷേ എല്ലാ മത്സരങ്ങളും വലിയ സ്കോറുകളിലേക്ക് നീങ്ങുന്നത് ചില ആരാധകർക്കെങ്കിലും ആവർത്തന വിരസത ഉണ്ടാക്കുന്നു. ചെറിയ സ്കോർ നേടുന്നതും അത് പ്രതിരോധിക്കുന്നതും ക്രിക്കറ്റിന്റെ ഭാ​ഗം തന്നെയാണ്. സിം​ഗിൾ, ‍‍ഡബിൾ, ട്രിപ്പിൾ എന്നിങ്ങനെയും റൺസ് വരണം. റൺസിനായും ഫീൽഡിം​ഗിനായും ഓടുമ്പോൾ താരങ്ങളുടെ കായികക്ഷമത വർദ്ധിക്കുകയാണ് ചെയ്യുന്നത്. കഠിനാദ്ധ്വാനം കളിക്കാരുടെയും കാഴ്ചക്കാരുടെയും മനം കുളിർപ്പിക്കും. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും കിട്ടാതെ വരുമ്പോൾ എല്ലാം പന്തുകളും ബാറ്റർമാർ അതിർത്തി കടത്തുന്നു. ഇതുകൊണ്ട് സ്വിം​ഗും ​ഗൂ​ഗ്ലിയും എറിയാൻ കഴിയുന്ന ബൗളർ ആരെന്ന് ആർക്ക് മനസിലാക്കാൻ കഴിയും. ഓസ്ട്രേലിയയിലെയും ഇം​ഗ്ലണ്ടിലെയും ബൗൺസറുകളെ നേരിടുന്ന ബാറ്റർ ആരെന്ന് എങ്ങനെ മനസിലാകും. ആരാധകരെ സന്തോഷിപ്പിച്ച് കൂടുതൽ കാഴ്ചക്കാരെ എത്തിച്ച് പണമുണ്ടാക്കാൻ മാത്രമായുള്ള ടൂർണമെന്റായി ഐപിഎൽ മാറുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com