

2026 ടി20 ലോകകപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാൻ ഗിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ടീം അംഗങ്ങളും ലോകകിരീടം ഉയര്‍ത്തുന്ന ചിത്രമാണ് ഗില്‍ പങ്കുവെച്ചത്. ഈ ചിത്രത്തിൽ മലയാളി താരം സഞ്ജു സാംസണെ കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ലോകകപ്പിന്റെ താരമായി തിരഞ്ഞെടുത്ത സഞ്ജുവും റിങ്കു സിങ്ങും പിന്നിലായിപ്പോയതിനാല്‍ ഇരുവരുടെയും മുഖം ഈ ചിത്രത്തിൽ കാണാനില്ല. എല്ലാ താരങ്ങളുടെയും മുഖം വ്യക്തമായി കാണാവുന്ന നിരവധി ചിത്രങ്ങളുണ്ടായിട്ടും ഈ ചിത്രം തന്നെ ഗില്‍ പങ്കുവെച്ചതിനെയാണ് ആരാധകര്‍ കമന്‍റ് ബോക്സില്‍ ചോദ്യം ചെയ്യുന്നത്.
ഇത് ഗില്‍ ബോധപൂര്‍വം ചെയ്തതല്ലെങ്കിലും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ കൂടി കാണുന്ന നിരവധി ചിത്രങ്ങൾ ലഭ്യമായിട്ടും ഗില്‍ ഈ ചിത്രം തന്നെ പോസ്റ്റ് ചെയ്തതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഗില്‍ അത് ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ലെന്നും സഞ്ജു ആ ചിത്രത്തില്‍ പിന്നിലുണ്ടല്ലോ എന്നും ചില ആരാധകര്‍ മറുപടി പറയുന്നുണ്ട്.
ടി20 ലോകകപ്പിന് മുന്നെ ഗില്ലായിരുന്നു ടി20 ടീമിന്റെ ഓപ്പണറും വൈസ് ക്യാപ്റ്റനും. ഗില്ലിന്റെ വരവോടെ മധ്യനിരയിലേക്ക് മാറേണ്ടിവന്ന സഞ്ജുവിന് പിന്നീട് പ്ലേയിങ് ഇലവനിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പണറായി തിളങ്ങാന്‍ സാധിക്കാതിരുന്ന ഗില്ലിനെ മാറ്റി ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവിനെ ഓപ്പണറായി വീണ്ടും തിരിച്ചെത്തിക്കുകയായിരുന്നു.
Content Highlights: No Sanju Samson in World Cup Pic, Fans against Shubman Gill's Instagram Post