ഐ ആം ദ കിംഗ്; ബിസിസിഐക്ക് ഇനിയെന്ത് വേണം?

സ്റ്റാന്‍ഡ് ബൈ ഇന്നിംഗ്‌സില്‍ നിന്നും അറ്റാക്കിങ് ക്രിക്കറ്റിലേക്ക് വഴിമാറാന്‍ അയാള്‍ക്ക് വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മത്സരങ്ങളാണ്
ഐ ആം ദ കിംഗ്; ബിസിസിഐക്ക് ഇനിയെന്ത് വേണം?

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കിംഗ് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിം​ഗ് നടന്നുകഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഇനിയുമെന്താണ് വേണ്ടത്. ട്വന്റി 20 ലോകകപ്പിനായി ഇതിഹാസ താരം ശൈലി മാറ്റിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടേത് ബാറ്റിം​ഗ് ആക്രമണ ശൈലിയിലുള്ളതല്ല. പതിയെ തുടങ്ങി ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് അയാളുടേത്. ട്വന്റി 20 ക്രിക്കറ്റിന് ഈ ശൈലി ചേരില്ല. വെസ്റ്റ് ഇൻഡീസിലെ സ്ലോ വിക്കറ്റുകളിൽ കോഹ്‌ലിയുടെ ഇത്തരത്തിലുള്ള ബാറ്റിം​ഗ് ശൈലി തിരിച്ചടിയാകും. ഇതിഹാസ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ കണ്ടെത്തിയ കാരണം ഇതായിരുന്നു. എന്നാൽ വിമര്‍ശിച്ചവര്‍ക്ക് ഇപ്പോൾ കണ്‍തുറന്നു കാണാം.

മത്സരത്തിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടിയാണ് കോഹ്‌ലി തന്റെ ബാറ്റിം​ഗിന് തുടക്കം കുറിച്ചത്. സാം കുറാന്റെ പന്തിൽ സ്ലിപ്പിൽ ലഭിച്ച ക്യാച്ച് ബെര്‍സ്‌റ്റോയ്ക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. കൈവിട്ട ക്യാച്ച് ക്രിക്കറ്റ് കളിയുടെ ഭാഗം തന്നെയാണ്. ബെർസ്റ്റോ വിട്ടുകളഞ്ഞ ക്യാച്ച് മത്സരത്തിലെ തോൽവിയിലാണ് കലാശിച്ചത്. പിന്നെ കിം​ഗ് കോഹ്‌ലിയുടെ വെടിക്കെട്ടിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ബാറ്റിം​ഗിന് അനുകൂലമായ ഒരു ഫ്ലാറ്റ് പിച്ചായിരുന്നില്ല ബെംഗളൂരുവില്‍ ഒരുക്കിയിരുന്നത്. എന്നിട്ടും പഞ്ചാബിനായി പന്തെറിഞ്ഞ സാം കുറാനും അര്‍ഷ്ദീപ് സിംഗും കഗീസോ റബാഡയുമെല്ലാം ബൗണ്ടറിയിലേക്ക് പാഞ്ഞു. 31 പന്തില്‍ കോഹ്‌ലി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. 11 ഫോറുകളും രണ്ട് സിക്‌സുകളും ഉൾപ്പെട്ട അതിമനോഹര ഇന്നിം​ഗ്സ്. 49 പന്തില്‍ 77 റണ്‍സുമായി കിം​ഗ് കോഹ്‌ലി ബാറ്റിംഗ് വിസ്‌ഫോടനം നടത്തി. പഞ്ചാബ് കിം​ഗ്സ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ഇന്നിം​ഗ്സിന് കോഹ്‌ലി അടിത്തറയിട്ടു.

ഏകദിന ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ ഇന്നിംഗ്‌സുകൾ കളിക്കാനാണ് വിരാട് കോഹ്‌ലി നിയോഗിക്കപ്പെട്ടത്. ആ ദൗത്യം അയാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി. 11 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറി ഉൾപ്പടെ 765 റൺസുമായി കോഹ്‌ലി ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന്റെ 20 വർഷം മുമ്പത്തെ ചരിത്രം തിരുത്തിക്കുറിച്ചു.

ലോകകപ്പ് കലാശപ്പോരിലെ തോൽവിയുടെ മുറിവുകൾ ഉണങ്ങും മുമ്പെ അടുത്ത ദൗത്യം ഏൽപ്പിച്ചു. ട്വന്റി 20 ലോകകപ്പ് കളിക്കണമെങ്കിൽ ശൈലി മാറ്റുവാൻ ബിസിസിഐ വിരാട് കോഹ്‌ലിക്ക് നിർദ്ദേശം നൽകി. സ്റ്റാന്‍ഡ് ബൈ ഇന്നിംഗ്‌സില്‍ നിന്നും അറ്റാക്കിങ് ക്രിക്കറ്റിലേക്ക് വഴിമാറാന്‍ അയാള്‍ക്ക് വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മത്സരങ്ങളാണ്. ഇനി പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാം. കിംഗ് കോഹ്‌ലിക്ക് അവസരം നല്‍കൂ. ട്വന്റി ലോകകപ്പിൽ ഇന്ത്യന്‍ മധ്യനിരയില്‍ ആ ഇതിഹാസ സാന്നിധ്യം അനിവാര്യമാണ്. അത് ക്രിക്കറ്റ് ലോകത്തിന് ബോധ്യമായിരിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com