പരാശക്തിയും ജനനായകനും തമ്മിൽ ക്ലാഷ്, ഇതിൽ രാഷ്ട്രീയം ഉണ്ടോ ? മറുപടിയുമായി നിർമാതാവ്

വിജയ് സിനിമയുടെ തൊട്ടടുത്ത ദിവസം പരാശക്തി റിലീസ് വെച്ചത് തിയറ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആണെന്ന് ആക്ഷേപമാണ് ഉയർന്നിരുന്നത്

പരാശക്തിയും ജനനായകനും തമ്മിൽ ക്ലാഷ്, ഇതിൽ രാഷ്ട്രീയം ഉണ്ടോ ? മറുപടിയുമായി നിർമാതാവ്
dot image

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ക്ലാഷിന് ഒരുങ്ങുകയാണ്. ജനുവരി 9 ന് ജനനായകൻ തിയേറ്ററിൽ എത്തുമ്പോൾ തൊട്ടടുത്ത ദിവസം 10 ന് പരാശക്തിയും എത്തും. ഈ ക്ലാഷ് തമിഴ് സിനിമയിൽ വലിയ വാർത്തയായിരുന്നു. രാഷ്ട്രീയമായ നീക്കമാണ് ഇതെന്ന് വരെ ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തുകയാണ് സിനിമയുടെ നിർമാതാവ്.

‘പരാശക്തിയുടെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യ ദിവസം തന്നെ പൊങ്കല്‍ റിലീസ് ഞങ്ങള്‍ ലോക്ക് ചെയ്തതാണ്. ചിത്രത്തിന്റെ ടീസറുകളിലും ബന്ധപ്പെട്ട ഇന്റര്‍വ്യൂകളിലും ഞാന്‍ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ചില ആളുകള്‍ അനാവിശ്യമായ വിവാദമാണ് സൃഷ്ടിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊങ്കലിന് പത്തോളം ചിത്രങ്ങളാണ് ക്ലാഷ് റിലീസായി തിയേറ്ററില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു മത്സരമായി കാണേണ്ടതില്ല. ഇരു ചിത്രങ്ങള്‍ക്കും ഗുണം മാത്രമേ ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുകയുള്ളൂ,’ ആകാശ് പറയുന്നു. പൊങ്കലിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി വെറുതെ കളയേണ്ടതില്ലെന്നാണ് തിയേറ്റര്‍ ഉടമകളും, ഡിസ്ട്രിബ്യൂട്ടേഴ്‌സും പറയുന്നതെന്നും അതുകൊണ്ടാണ് പരാശക്തിയുടെ റിലീസ് ഡേറ്റ് ജനുവരി 10 ആയി തീരുമാനിച്ചതെന്നും നിര്‍മാതാവ് കൂട്ടിച്ചേർത്തു. സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പരാശക്തിയുടെ സിനിമയുടെ നിർമാതാവ് കരുണാനിധി കുടുംബമായ ആകാശ് ഭാസ്കരനാണ്. ഇവരുടെ പ്രൊഡക്ഷൻ കമ്പനിയായ ഡോൺ പിച്ചേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. ഈ ചിത്രം വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ്. വിജയ് സിനിമയുടെ തൊട്ടടുത്ത ദിവസം പരാശക്തി റിലീസ് വെച്ചത് തിയറ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആണെന്ന് ആക്ഷേപമാണ് ഉയർന്നിരുന്നത്. ഇതിനെതിരെ വിജയ് ആരാധകരും ടി വി കെ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights:  Producer reacts to clash between Parashakti and Jananayakan

dot image
To advertise here,contact us
dot image