‌ടിക്കറ്റ് തുക നൽകാൻ വൈകി; യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി, കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടില്‍ എസ് ദിവ്യയ്ക്കാണ് ദുരനുഭവമുണ്ടായത്

‌ടിക്കറ്റ് തുക നൽകാൻ വൈകി; യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി, കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു
dot image

തിരുവനന്തപുരം: ടിക്കറ്റ് തുക നല്‍കാന്‍ വൈകിയ യുവതിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രാത്രി റോഡില്‍ ഇറക്കിവിട്ടതായി പരാതി. സംഭവത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ നെല്ലിമൂട് സ്വദേശി സി അനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ഗൂഗിള്‍ പേ അക്കൗണ്ട് മുഖേന ടിക്കറ്റ് തുക നല്‍കാന്‍ വൈകിയതിനാണ് രോഗബാധിതയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് ഇറക്കിവിട്ടത്. വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടില്‍ എസ് ദിവ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

കുന്നത്തുകാല്‍ കൂനമ്പനയിലെ ക്ലിനിക്കിലെ ജീവനക്കാരിയാണ് ദിവ്യ. അസുഖബാധിതയായതിനാല്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയ ശേഷം വെള്ളറടയിലേക്ക് പോവുകയായിരുന്നു. പേഴ്‌സ് കാണാത്തതിനെ തുടര്‍ന്ന് ഗൂഗിള്‍ പേയിലൂടെ ടിക്കറ്റ് നിരക്ക് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈലില്‍ റെയ്ഞ്ച് കുറവായതിനാല്‍ സാധിച്ചില്ല.

വെള്ളറടയില്‍ എത്തുമ്പോള്‍ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ലെന്നും അധിക്ഷേപിച്ചെന്നും രാത്രി 9.10ന് തോലടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടുവെന്നുമാണ് എടിഒയ്ക്ക് നല്‍കിയ പരാതിയാല്‍ ദിവ്യ പറയുന്നത്. ഭര്‍ത്താവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി വീട്ടില്‍ രണ്ടു ചെറിയ കുട്ടികളെ മാത്രമാക്കി ബൈക്കില്‍ ദിവ്യയെ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

കെഎസ്ആര്‍ടിസി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കണ്ടക്ടറെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അനില്‍ കുമാറിന്റെ വാദം. കളിയിക്കാവിള-വെള്ളറട റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്. സംഭവ ദിവസം കൂനമ്പയിലേക്ക് പോയിട്ടില്ലെന്നും കണ്ടക്ടര്‍ വിശദീകരിക്കുന്നു.

Content Highlights: KSRTC conductor Fired After complaint about mistreating a sick passenger

dot image
To advertise here,contact us
dot image