ഹൃദയം കീഴടക്കാന് പന്തെത്തി

ടോസിന്റെ സമയത്ത് തിരിച്ചുവരവിന്റെ ഈ നിമിഷം ആസ്വദിക്കുന്നുവെന്ന് പന്ത് വൈകാരികമായി പ്രതികരിച്ചിരുന്നു

dot image

വാഹനാപകടത്തിന് പിന്നാലെ നീണ്ട 454 ദിവസത്തെ ഇടവേളയെടുത്ത ഡല്ഹി ക്യാപിറ്റല്സ് നായകന് റിഷഭ് പന്ത് ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തി. ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലാണ് ക്യാപിറ്റല്സിന്റെ ക്യാപ്റ്റനായി പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ആര്പ്പുവിളികളോടെയും കരഘോഷങ്ങളോടെയുമാണ് പന്തിനെ ഗ്യാലറി വരവേറ്റത്. നേരത്തെ ടോസിന്റെ സമയത്ത് തിരിച്ചുവരവിന്റെ ഈ നിമിഷം ആസ്വദിക്കുന്നുവെന്ന് പന്ത് വൈകാരികമായി പ്രതികരിച്ചിരുന്നു.

ഡല്ഹി ഓപ്പണറായ ഡേവിഡ് വാര്ണറെ ഹര്ഷല് പട്ടേല് പുറത്താക്കിയതിന് പിന്നാലെ ഒന്പതാം ഓവറിലായിരുന്നു നായകന്റെ മാസ് എന്ട്രി. ഹെല്മെറ്റ് ധരിച്ച് ബാറ്റും ഗ്ലൗസും കയ്യില് പിടിച്ച് ക്രീസിലേക്ക് നടന്നടുക്കുന്നതുവരെ ഗ്യാലറി മുഴുവന് എഴുന്നേറ്റുനിന്ന് നിലയ്ക്കാത്ത കയ്യടികളോടെ പന്തിനെ സ്വാഗതം ചെയ്തു. പതിവ് പോലെ സൂര്യനെ നോക്കി എന്തൊക്കെയോ പ്രാര്ത്ഥിച്ചാണ് താരം പിച്ചിലേക്ക് നടന്നടുത്തത്.

മികച്ച ഫോമില് തന്നെ ബാറ്റുവീശിത്തുടങ്ങിയെങ്കിലും പന്തിന്റെ ഇന്നിങ്സിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 13 പന്തില് നിന്ന് 18 റണ്സെടുത്ത താരം ഹര്ഷല് പട്ടേലിന്റെ പന്തില് ജോണി ബെയര്സ്റ്റോയ്ക്ക് ക്യാച്ച് നല്കി പുറത്തായി. മടക്കം അതിവേഗമായിരുന്നെങ്കിലും തന്റെ ഫോം എങ്ങും പോയിട്ടില്ലെന്ന സൂചന നല്കിയാണ് പന്ത് കൂടാരം കയറിയത്. ദീര്ഘകാലം കളത്തില് നിന്ന് വിട്ടുനിന്നതിന്റെ ഇടര്ച്ചകളൊന്നുമില്ലാതെയാണ് വിക്കറ്റിന് പിന്നിലും പന്ത് മികവ് പുലര്ത്തിയത്.

dot image
To advertise here,contact us
dot image