ഉലകനായകൻ മുന്നിലുണ്ട്; ഉദിച്ചുയരാൻ സൺറൈസേഴ്സ് ഹൈദരാബാദ്

ഏത് ചെറിയ സ്കോറിനെയും പ്രതിരോധിക്കും. ഏത്ര വലിയ സ്കോറും പിന്തുടർന്ന് വിജയിക്കും.
ഉലകനായകൻ മുന്നിലുണ്ട്; ഉദിച്ചുയരാൻ സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ്, ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്നും ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദ് പുറത്താകുമ്പോൾ അതേ നാട്ടിൽ നിന്ന് മറ്റൊരു ടീം ഐപിഎല്ലിനെത്തി. അത്രമേൽ മികച്ചൊരു ടീമായിരുന്നില്ല സൺറൈസേഴ്സ്. കുമാർ സം​ഗക്കാര നായകനായ ടീമിൽ ക്വിന്റൺ ഡി കോക്ക്, ശിഖർ ധവാൻ, പാർഥിവ് പട്ടേൽ, ഡെയിൽ സ്റ്റെയ്ൻ, ഇഷാന്ത് ശർമ്മ, അമിത് മിശ്ര എന്നിങ്ങനെ കുറച്ച് താരങ്ങൾ‍ അണിനിരന്നു. 2013ലെ അരങ്ങേറ്റ സീസണിൽ ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞു. എന്നാൽ 2014ലെ രണ്ടാം സീസണിൽ ആറാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി. തൊട്ടടുത്ത വർഷവും മുന്നേറ്റത്തിന് സാധിച്ചില്ല.

2016ൽ സൺറൈസേഴ്സ് സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി. പിന്നീട് വിജയകുതിപ്പ്. മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. എലിമിനേറ്ററിൽ ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് രണ്ടാം ക്വാളിഫൈറിന് യോ​ഗ്യത നേടി. ​ഗുജറാത്ത് ലയൺസിനെ വീഴ്ത്തി കലാശപ്പോരിന് യോ​ഗ്യത നേടി. കടുത്ത പോരാട്ടത്തിനൊടുവിൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സിനെ വീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ കിരീടമുയർത്തി.

2017ലെ ഐപിഎല്ലിന് എത്തുമ്പോൾ ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഏറെ സന്തുലിതമായ ടീമായി സൺറൈസേഴ്സ് മാറിക്കഴിഞ്ഞിരുന്നു. ഡേവിഡ് വാർണർ, ശിഖർ ധവാൻ, കെയൻ വില്യംസൺ, റാഷിദ് ഖാൻ, ഭുവന്വേശർ കുമാർ, ടി നടരാജൻ തുടങ്ങി ശക്തമായ നിര. ഏത് ചെറിയ സ്കോറിനെയും പ്രതിരോധിക്കും. ഏത്ര വലിയ സ്കോറും പിന്തുടർന്ന് വിജയിക്കും. ഒരിക്കൽ 118 റൺസ് മാത്രമടിച്ച സൺറൈസേഴ്സ് മുംബൈയെ 87 റൺസിൽ ഒതുക്കി.

2017ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് പ്ലേ ഓഫിൽ പരാജയപ്പെട്ട് പുറത്തായി. 2018ൽ ഡേവിഡ് വാർണർ പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ടപ്പോൾ കെയ്ൻ വില്യംസൺ നായകനായി. ഇത്തവണ വീണ്ടും ഫൈനലിൽ എത്തി. പക്ഷേ കലാശപ്പോരിൽ ചെന്നൈക്ക് മുന്നിൽ വീണു. 2019ൽ വീണ്ടും പ്ലേ ഓഫിലെത്തിയെങ്കിലും പരാജയപ്പെട്ടു. 2020ൽ ഡേവിഡ് വാർണർ ക്രിക്കറ്റിലേക്ക് തന്നെ മടങ്ങിയെത്തി. വാർണറിന് നായകസ്ഥാനം തിരികെ ലഭിച്ചു. ഇത്തവണ വീണ്ടും പ്ലേ ഓഫിൽ മടങ്ങാനായിരുന്നു സൺറൈസേഴ്സിന്റെ വിധി.

2021 മുതൽ സൺറൈസേഴ്സിന് മോശം കാലഘട്ടമായിരുന്നു. ഡേവിഡ് വാർണറുടെ കീഴിലാണ് ആദ്യം കളിക്കാനിറങ്ങിയത്. സീസണിൽ വാർണറും ഹൈദരാബാദും മോശം പ്രകടനം നടത്തി. പിന്നാലെ വാർണറെ മാറ്റി വില്യംസണ് നായക പദവി നൽകി. എങ്കിലും സീസണിൽ മുന്നേറാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. 2022ലും സൺറൈസേഴ്സിന് പിഴച്ചു. ഇതോടെ 2023ൽ വില്യംസൺ പുറത്തേയ്ക്ക് പോയി. എയ്ഡാൻ മാക്രം എന്ന പുതിയ നായകൻ വന്നു. എന്നിട്ടും സീസൺ മോശം പ്രകടനത്തിൽ തന്നെ അവസാനിച്ചു.

ഇത്തവണ ലോകചാമ്പ്യനായ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും. എയ്ഡാൻ മാക്രം, ​ഗ്ലെൻ ഫിലിപ്പ്സ്, മാർകോ ജാൻസൻ, ട്രാവിസ് ഹെഡ് തുടങ്ങിയ മികച്ച വിദേശ താരങ്ങൾ. മായങ്ക് അ​ഗർവാൾ, ഭുവന്വേശർ കുമാർ, ടി നടരാജൻ, വാഷിം​ഗ്ടൺ സുന്ദർ എന്നിവർ അടങ്ങുന്ന ഇന്ത്യൻ നിര. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങൾ എന്നിങ്ങനെ ഇത്തവണ കലക്കാൻ ഹൈദരാബാദിന് നിരയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com