ഇനി പ്ലേ ഓഫിൽ വീഴില്ല; ഐപിഎൽ എടുക്കാൻ ലക്നൗ സൂപ്പർ ജയന്റ്സ്

അപ്രതീക്ഷിതമായി തിരിച്ചുവരാനുള്ള കരുത്താണ് ലക്നൗവിനെ വ്യത്യസ്തമാക്കുന്നത്.
ഇനി പ്ലേ ഓഫിൽ വീഴില്ല; ഐപിഎൽ എടുക്കാൻ ലക്നൗ സൂപ്പർ ജയന്റ്സ്

ലക്നൗ സൂപ്പർ ജയന്റ്സ്, ​ഗുജറാത്ത് ടൈറ്റൻസിനൊപ്പം 2022ലെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ടീം. കെ എൽ രാഹുലിനെ നായകനാക്കി കളത്തിലേക്കിറങ്ങി. രണ്ട് സീസണിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു. എങ്കിലും പ്ലേ ഓഫിന് അപ്പുറത്തേയ്ക്ക് പോകാൻ ലക്നൗവിന് കഴിഞ്ഞില്ല. ഇത്തവണ പ്ലേ ഓഫിൽ തട്ടി വീഴുന്ന ആ കടമ്പ ലക്നൗ മറികടക്കുമെന്ന് തന്നെ കരുതാം.

അപ്രതീക്ഷിതമായി തിരിച്ചുവരാനുള്ള കരുത്താണ് ലക്നൗവിനെ വ്യത്യസ്തമാക്കുന്നത്. ആദ്യ സീസണിൽ ആദ്യ മത്സരം ലക്നൗ തോറ്റുകൊണ്ടാണ് തുടങ്ങിയത്. പക്ഷേ രണ്ടാം മത്സരത്തിൽ ചെന്നൈ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചു. ആരാണ് മത്സരത്തിൽ ലക്നൗവിന് രക്ഷയ്ക്കെത്തുന്നതെന്ന് പറയാൻ കഴിയില്ല. ഓരോ നമ്പറിൽ ബാറ്റിം​ഗിനെത്തുന്നതും അപകടകാരികളായ താരങ്ങൾ. അമിത് മിശ്രയുടെ അനുഭവ സമ്പത്തും രവി ബിഷ്ണോയുടെ യുവത്വവും ഒരുപോലെ ഉപയോ​ഗിക്കുന്ന ബൗളിം​ഗ് നിര.

കഴിഞ്ഞ സീസണിലെ ഒരു മത്സരം എടുത്ത് നോക്കാം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റ് മാത്രം നഷട്ത്തിൽ 212 റൺസെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ലക്നൗവിന് പിഴച്ചു. 105 റൺസിൽ അഞ്ച് വിക്കറ്റ് വീണു. അതുവരെ മുന്നിൽ നിന്ന് നയിച്ച മാർകസ് സ്റ്റോണിസ് 65 റൺസോടെ ഡ്രെസ്സിം​ഗ് റൂമിൽ മടങ്ങിയെത്തി. ലക്നൗ ആരാധകർ തോൽവി മുന്നിൽ കണ്ടു. പക്ഷേ കളി മാറിയത് അവിടെ നിന്നുമാണ്. വെറും 19 പന്തിൽ 62 റൺസെടുത്ത് നിക്കോളാസ് പൂരാൻ വെടിക്കെട്ട് നടത്തി. ആയുഷ് ബഡോനി കട്ടയ്ക്ക് കൂടെ നിന്നു. ഇരുവരും പുറത്തായപ്പോൾ ലക്നൗ ഒന്ന് ഭയപ്പെട്ടു. റോയൽ ചലഞ്ചേഴ്സ് വിജയം മോഹിച്ചു. പക്ഷേ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു വിക്കറ്റിന് ലക്നൗ ജയം തട്ടിയെടുത്തു. ഇങ്ങനെയാണ് ലക്നൗവിന്റെ കളികൾ. തോൽക്കുമെന്ന് വിധിയെഴുതുമ്പോൾ അവർ തിരിച്ചുവരവിന് തുടക്കം കുറിച്ചിരിക്കും.

ഇത്തവണയും ശക്തമായ നിരയാണ് ലക്നൗവിനുള്ളത്. കെ എൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, ദേവ്ദത്ത് പടിക്കൽ, ആയുഷ് ബഡോനി, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, കെയ്ൽ മയേഴ്സ്, മാർകസ് സ്റ്റോണിസ്. ബാറ്റിം​ഗ് നിരയിൽ ആരൊക്കെ വേണമെന്നത് കെ എൽ രാഹുൽ തീരുമാനിച്ചാൽ മാത്രം മതി. എല്ലാവരും ഒന്നിനൊന്ന് കരുത്തരാണെന്നതാണ് സത്യം. ബൗളിം​ഗിൽ നവീൻ ഉൾ ഹഖ്, അമിത് മിശ്ര, രവി ബിഷ്ണോയ്, ശിവം മാവി, മൊഹ്സിൻ ഖാൻ ഒപ്പം സെൻസേഷണൽ ബൗളർ ഷമർ ജോസഫും എത്തുന്നുണ്ട്. ലക്നൗ ഇത്തവണ പ്ലേ ഓഫിനപ്പുറം കടക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com