സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

വലിയ ഷോട്ടുകൾ കളിക്കുന്നതിനൊപ്പം മത്സരത്തിൽ നിറഞ്ഞുനിൽക്കുന്ന നീണ്ട ഇന്നിംഗ്സുകൾ ആവശ്യമാണ്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. സെമിയിൽ തോൽക്കുമെന്ന് തോന്നിയ മത്സരം അപ്രതീക്ഷിതമായി ഇന്ത്യൻ യുവനിര തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വെച്ച ഇന്ത്യ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടികൾ നേരിട്ടു. 34 റൺസ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകൾ നഷ്ടമായി. അവിടെ നിന്നും സച്ചിൻ ദാസിനൊപ്പം ചേർന്ന ക്യാപ്റ്റൻ ഉദയ് സഹാരൺ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. സച്ചിൻ ദാസ് അനായാസം റൺസ് നേടിക്കൊണ്ടിരുന്നു. എന്നാൽ വളരെ ക്ഷമയോടും പക്വതയോടും കൂടിയാണ് സഹാരൺ ബാറ്റ് വീശിയത്. അയാൾ റൺഔട്ടാകുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. അത്രമേൽ മനോഹരമായി ആ കൗമാരക്കാരൻ ഒരു നായകന്റെ ഉത്തരവാദിത്തം പൂർത്തിയാക്കി. ഒരു വിജയം കൂടി നേടിയാൽ അണ്ടർ 19 ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് എത്തും. ഒപ്പം മുഹമ്മദ് കൈഫ്, വിരാട് കോലി, ഉൻമുക്ത് ചന്ദ്, പൃഥി ഷാ, യാഷ് ദൂൾ എന്നിവരുടെ പിൻ​ഗാമിയായി ഉദയ് സഹാരൺ അറിയപ്പെടും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 124 പന്തിൽ 81 റൺസ് നേടിയ സഹാരണിന്റെ ഇന്നിം​ഗ്സിൽ ആറ് ഫോറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ട്വന്റി 20 ക്രിക്കറ്റിന്റെ കാലത്ത് വലിയ ഷോട്ടുകൾ അടിക്കാതിരിക്കാൻ സഹാരൺ പഠിച്ചിരുന്നു. ഇന്ത്യൻ ടീം പ്രതിസന്ധിയിലായപ്പോൾ ക്ഷമയോടെ പിടിച്ചുനിൽക്കാൻ യുവതാരം തീരുമാനം എടുത്തു. ക്യാപ്റ്റന്റെ സാന്നിധ്യം മറുവശത്ത് സച്ചിൻ ദാസിന് ​ഗുണമായി. തന്റെ പിതാവിൽ നിന്നാണ് ക്രിക്കറ്റ് ക്ഷമയുടെ ​ഗെയിം കൂടിയാണെന്ന് സഹാരൺ പഠിച്ചെടുത്തത്.

രാജസ്ഥാനിൽ ജനിച്ച ഉദയ് സഹാരൺ മികച്ച ക്രിക്കറ്റ് സൗകര്യങ്ങൾ തേടി പഞ്ചാബിലേക്ക് എത്തി. പിതാവ് സഞ്ജയ് സഹാരൺ ഒരു ആയുർവേദ ഡോക്ടറാണ്. ഒരു ക്രിക്കറ്റ് താരമാകണമെന്ന പിതാവിന്റെ ആ​ഗ്രഹം പൂർണതയിലെത്തിയില്ല. പക്ഷേ സ്വന്തം മകനിലൂടെ അയാൾ ക്രിക്കറ്റ് മോഹങ്ങൾ പൂവണിയിക്കാൻ ശ്രമിക്കുകയാണ്. വലിയ ഷോട്ടുകൾ കളിക്കുന്നതിനൊപ്പം മത്സരത്തിൽ നിറഞ്ഞുനിൽക്കുന്ന നീണ്ട ഇന്നിംഗ്സുകൾ ആവശ്യമാണെന്ന് അയാൾ മകനെ പഠിപ്പിച്ചു. 389 റൺസുമായി സഹാരൺ ടൂർണമെന്റിലെ ടോപ് സ്കോറർ ആണ്.

ഡിസംബറിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുമ്പായി സഹാരൺ ഇന്ത്യൻ നായകനായി. പക്ഷേ സെമി ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. പിന്നാലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായി. എങ്കിലും അണ്ടർ 19 ലോകകപ്പിനെത്തുമ്പോൾ ഇന്ത്യ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശ് എതിരാളികളായപ്പോൾ ഏഷ്യാ കപ്പ് സെമിയിലെ തോൽവി ഓർമ്മ വന്നു. പക്ഷേ ഉദയ് സഹാരണിന്റെ നേതൃമികവിൽ കളിച്ച ആറ് മത്സരങ്ങളും വിജയിച്ച് ഇന്ത്യ കലാശപ്പോരിന് തയ്യാറെടുക്കുകയാണ്.

ഇനിയുള്ള കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന് ഉദയ് സഹാരണിനെ പോലെയുള്ള താരങ്ങളെ ആവശ്യമാണ്. അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന ഒരുപിടി മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളെ മറികടക്കാൻ ട്വന്റി 20 സ്പെഷ്യലിസ്റ്റുകൾക്ക് കഴിഞ്ഞേക്കില്ല. അവിടെ ഉദയ് സഹാരൺ വ്യത്യസ്തനാകും. ലോകക്രിക്കറ്റ് ആരാധിക്കുന്ന അടുത്ത താരമായി ഉദയ് സഹാരൺ ഉദിച്ചുയരട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com