

ബോളിവുഡിൽ വമ്പൻ വിജയം നേടിയ മുന്നേറുകയാണ് ധുരന്ദർ. സിനിമയുടെ വിജത്തിന് പിന്നാലെ കൈകൊടുത്ത സിനിമകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ് അക്ഷയ് ഖന്നയും രൺവീറും. ദൃശ്യം 3 യിൽ നിന്നാണ് അക്ഷയ് ഖന്ന പിന്മാറിയിരിക്കുന്നത്. ഡോൺ 3 യിൽ നിന്നാണ് രൺവീർ സിംഗ് പിന്മാറിയിരിക്കുന്നത്. പ്രതിഫല തർക്കത്തെ തുടർന്നാണ് അക്ഷയ് ഖന്ന 'ദൃശ്യം 3'യിൽനിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.
'ധുരന്ധർ' വിജയത്തിന് പിന്നാലെ താരം പ്രതിഫലം കൂട്ടി ചോദിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ, ചിത്രത്തിൽ തന്റെ ഗെറ്റ് അപ്പിൽ ഏതാനും മാറ്റങ്ങളും താരം നിർദേശിച്ചിരുന്നു. ഇവ രണ്ടും നിർമാതാക്കൾക്ക് അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് ചിത്രത്തിൽനിന്ന് പിന്മാറാൻ അക്ഷയ് ഖന്ന തീരുമാനിച്ചത്. താരവുമായി നിർമാതാക്കൾ ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘ദൃശ്യം 2’ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്. ധുരന്ദറിന് മുൻപ് വിക്കി കൗശല്‍ നായകനായ ‘ഛാവ’യും അക്ഷയ് ഖന്നയ്ക്ക് ഹിറ്റ് സമ്മാനിച്ചിരുന്നു.
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് രൺവീർ പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ധുരന്ദറിൻ്റെ വമ്പൻ വിജയത്തോടെ ഇനി ആക്ഷൻ-ഗ്യാങ്‌സ്റ്റർ സിനിമകളിൽ നിന്ന് രൺവീർ ഇടവേള എടുക്കുകയാണെന്നും മറ്റു ഴോണറുകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് നടന്റെ ഉദ്ദേശം എന്നുമാണ് റിപ്പോർട്ടുകൾ.
ജയ് മേത്ത സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പ്രളയ് ആണ് ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ള രൺവീർ ചിത്രം. ഡോൺ 3 യുടെ ഷൂട്ടിന് ശേഷമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നത്. എന്നാൽ ഇപ്പോൾ സംവിധായകനോട് ഈ സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങാൻ ആവശ്യപ്പെട്ടു എന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Akshaye Khanna and Ranveer Singh back out of films they signed