മധ്യനിരയുടെ എഞ്ചിൻ; ജർമ്മൻ ഫുട്ബോൾ താരം ടോണി ക്രൂസിന് ‌പിറന്നാൾ

ഒരു യൂറോ കിരീടം മാത്രമാണ് തന്റെ കരിയറിൽ ടോണി ക്രൂസിന് കൂട്ടിച്ചേർക്കാൻ കഴിയാതെ പോയത്.
മധ്യനിരയുടെ എഞ്ചിൻ; ജർമ്മൻ ഫുട്ബോൾ താരം ടോണി ക്രൂസിന് ‌പിറന്നാൾ

ജർമ്മൻ ഫുട്ബോൾ താരം ടോണി ക്രൂസിന് ഇന്ന് 34-ാം പിറന്നാൾ. റയൽ മാഡ്രിഡായാലും ജർമ്മനിയായാലും ടോണി ക്രൂസ് വെളുത്ത നിറമുള്ള അഡിഡാസ് ബൂട്ടാണ് ധരിക്കുക. രണ്ടോ മൂന്നോ ജോഡി ബൂട്ടുകൾ മാത്രമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. അത് വൃത്തിയാക്കാൻ മറ്റാരെയും അനുവദിക്കുമായിരുന്നില്ല. സ്വയം ബൂട്ടുകൾ വൃത്തിയാക്കി ഉപയോ​ഗിക്കുന്നതാണ് ടോണി ക്രൂസിന് ഇഷ്ടം. ബൂട്ടിന് എന്ത് തകരാർ സംഭവിച്ചാലും അത് കമ്പനിക്ക് തിരികെ നൽകി പരിഹരിക്കും. വീണ്ടും ആ ബൂട്ടുകൾ തന്നെ അണിയും.

അഡിഡാസിന്റെ ബൂട്ടിൽ അഞ്ച് ചാമ്പ്യൻസ് ലീ​ഗും മൂന്ന് ലാ ലീഗയും മൂന്ന് ബുന്ദസ്‌ലീഗയും സർവോപരി 2014 ലോകകപ്പും ടോണി ക്രൂസ് സ്വന്തമാക്കിയിട്ടുണ്ട്. 2013ൽ 'അഡിഡാസ് ആഡിപ്യൂർ 11 പ്രോ' എന്ന സ്പോർട്സ് ബൂട്ടുകൾ പുറത്തിറങ്ങി. ആ ബൂട്ടിലായിരുന്നു ഒരു ദശാബ്ദത്തോളം ടോണി ക്രൂസ് പന്ത് തട്ടിയത്. എന്നാൽ 2023ൽ ഇതിന്റെ നിർമ്മാണം നിർത്താൻ അഡിഡാസ് തീരുമാനിച്ചു. എന്നാൽ ടോണി ക്രൂസ് തന്റെ ഇഷ്ടബൂട്ടുകൾ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അതേവർഷം 'അഡിഡാസ് 11 പ്രോ2' ടോണി ക്രൂസ് ലിമിറ്റഡ് എഡിഷനായി ഇറക്കാൻ കമ്പനി തീരുമാനിച്ചു.

2005ൽ ജർമ്മനിയുടെ അണ്ടർ 17 ലോകകപ്പിൽ ടോണി ക്രൂസ് കളിച്ചുതുടങ്ങി. 2007ലെ അണ്ടർ 17 ലോകകപ്പിൽ ഉയർന്ന ​ഗോൾ വേട്ടക്കാരനായിരുന്നു ടോണി ക്രൂസ്. അതേവർഷം ബയേൺ മ്യൂണികിന്റെ സീനിയർ ടീമിലെത്തി. അവിടെ നിന്നുമാണ് ടോണി ക്രൂസ് എന്ന് മധ്യനിരയുടെ എഞ്ചിൻ പ്രവർത്തനം ആരംഭിച്ചത്. 2009-2010 സീസണിൽ ബയർ ലെവർകൂസനായി കളിച്ചു. ഇതൊഴിച്ചാൽ 2014 വരെ ടോണി ക്രൂസ് ബയേൺ മ്യൂണികിന്റെ താരമായിരുന്നു. പിന്നീടങ്ങോട്ട് റയൽ താരമായി തുടരുന്നു. ഒരു തവണ ബയേണിനൊപ്പവും നാല് തവണ റയലിനൊപ്പവും ടോണി ക്രൂസ് ചാമ്പ്യൻസ് ലീ​ഗ് നേടി.

2010ലാണ് ജർമ്മനിയുടെ ദേശീയ ടീമിൽ ടോണി ക്രൂസ് അരങ്ങേറിയത്. 106 മത്സരങ്ങളിൽ ജർമൻ കുപ്പായമണിഞ്ഞു. പക്ഷേ 2021ൽ യൂറോ കപ്പ് കൈവിട്ടതിന് പിന്നാലെ ടോണി ക്രൂസ് ജർമ്മൻ ടീമിൽ നിന്ന് വിരമിച്ചു. ഒരു യൂറോ കിരീടം മാത്രമാണ് തന്റെ കരിയറിൽ ടോണി ക്രൂസിന് കൂട്ടിച്ചേർക്കാൻ കഴിയാതെ പോയത്. 17 ​ഗോളുകൾ ജർമ്മൻ കുപ്പായത്തിൽ ഈ മധ്യനിര താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. ഇപ്പോൾ റയൽ മാഡ്രിഡുമായി ടോണി ക്രൂസ് കരാർ പുതുക്കാനുള്ള ശ്രമത്തിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com