

ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്‍ലാന്റ് സ്വദേശിയായ റോബിന്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. റോബിന്റെ വീടിനടുത്താണ് സോജന്‍ വാടകയ്ക്ക് താമസിക്കുന്നത്.
ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നു. രാത്രിയായതോടെ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കം മുറുകിയതോടെ സോജന്‍ കല്ലെടുത്ത് റോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ റോബിന്‍ നിലത്ത് വീണെങ്കിലും സോജന്‍ ഇത് കാര്യമാക്കാതെ വീട്ടിലേക്ക് പോയി.
രാവിലെ പണിക്ക് പോകേണ്ടതിനാല്‍ ബന്ധു വിളിക്കാന്‍ വന്നപ്പോളാണ് റോബിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി സോജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോബിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും സോജന്റെ അറസ്റ്റ് രേഖപ്പെടുത്തുക. അവിവാഹിതനായ റോബിന്‍ പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
Content Highlight; Drunken Clash Turns Fatal in Idukki; Youth Kills Friend During Argument