'സീറോ'യിൽ പതറി, പിന്നെ വിശ്രമം; ഒടുവിൽ കുതിച്ചെത്തി കിംഗ് ഖാൻ

1000 കോടി ക്ലബിൽ പത്താൻ ഇടം നേടിയപ്പോൾ അത് ഷാരൂഖിന്റെ മാത്രമല്ല ബോളിവുഡിന്റെ കൂടി തിരിച്ചുവരവായിരുന്നു

dot image

കൊവിഡ് കാലത്തിനു ശേഷം തിയേറ്ററുകൾ വീണ്ടും തുറന്ന സമയം. കാണികൾ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ച് ബോളിവുഡിൽ നിന്ന് നിരവധി സിനിമകൾ പുറത്തിറങ്ങി. എന്നാൽ ആ പ്രതീക്ഷ തെറ്റി. റിലീസ് ചെയ്ത സിനിമകളെല്ലാം അമ്പേ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. രൺവീർ സിങ്, രൺബീർ കപൂർ തുടങ്ങി അക്ഷയ് കുമാർ വരെയുള്ളവരുടെ സിനിമകൾ നിലം തൊടാത്ത അവസ്ഥയുണ്ടായി. പേര് കൊണ്ട് മാത്രം തിയേറ്ററിൽ ആളെ കയറ്റാൻ കെൽപ്പുള്ള സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും സിനിമകൾ പോലും വിജയം കാണാതായി. ബോളിവുഡിനെ റീമേക്ക് വുഡ് എന്ന് വിളിച്ച് ആളുകൾ പരിഹസിക്കാൻ തുടങ്ങി. ബോളിവുഡ് സിനിമകൾക്ക് ഇനി ആള് കയറില്ല എന്ന് പലരും ഉറപ്പിച്ചു. എന്നാൽ അവരെല്ലാം ഒരു കാര്യം മറന്നു, കിംഗ് ഖാൻ കളത്തിലിറങ്ങിയിരുന്നില്ല എന്ന്.

ദിൽവാലെയും ഫാനും റയീസുമെല്ലാം പരാജയപ്പെട്ടത് മൂലം അഭിനയ ജീവിതത്തിൽ നിന്ന് ഷാരൂഖ് ഒരു ഇടവേള എടുത്ത് നിൽക്കുന്ന സമയമായിരുന്നു അത്, കൃത്യമായി പറഞ്ഞാൽ 2018 ൽ ഇറങ്ങിയ സീറോയ്ക്ക് ശേഷം പിന്നീടങ്ങോട്ട് നാല് വർഷത്തോളം അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടുനിന്നു. ഈ കാലയളവിൽ കിംഗ് ഖാന്റെ പ്രതാപകാലം അവസാനിച്ചുവെന്ന് പറച്ചിലുകളുണ്ടായി. അതിന് ശേഷം റോക്കട്രി എന്ന സിനിമയിലും ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിലും ഷാരൂഖ് കാമിയോ വേഷങ്ങളിലെത്തി. ഈ സിനിമകൾക്ക് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് പോലും ചിലർ ഷാരൂഖിന്റെ അതിഥി വേഷത്തെ കുറ്റം പറഞ്ഞു.

സുന്ദരിയിൽ നിന്ന് 'സുന്ദര'നായ വില്ലൻ; കെ പി ഉമ്മർ എന്ന അഭിനയ പ്രതിഭ

'പുലി പതുങ്ങുന്നത് ഒളിക്കാന് അല്ല, കുതിക്കാനാ' എന്നാണല്ലോ. അതിനുള്ള സൂചന ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വന്നു... അതും ഒരു അതിഥി വേഷത്തിലൂടെ തന്നെ. ബ്രഹ്മാസ്ത്ര എന്ന സിനിമയിൽ ഷാരൂഖിന്റെ മോഹൻ ഭാർഗവ്, വാനരാസ്ത്രമായപ്പോൾ തിയേറ്ററുകൾ ഇളകി മറിഞ്ഞു. ഖാന്റെ കഥാപാത്രത്തെ വെച്ച് ഒരു സിനിമ വേണമെന്ന് പ്രേക്ഷകർ ഒന്നടങ്കം ആവശ്യമുന്നയിക്കാനും തുടങ്ങി. അത്തരമൊരു സിനിമയെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ അയാൻ മുഖർജിയും പറഞ്ഞു. പിന്നെ ഇന്ത്യൻ സിനിമ കണ്ടത് ഷാരൂഖിനെ എന്തുകൊണ്ട് 'ബോളിവുഡ് കി ബാദ്ഷ' എന്ന് വിളിക്കുന്നു എന്നതിന്റെ തെളിവുകളാണ്.

ഏറെ നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ 2023 ജനുവരിയിൽ ഷാരൂഖിന്റെ നായക വേഷത്തിൽ ഒരു ചിത്രമെത്തി... പഠാൻ. അത് ഒരൊന്നൊന്നര വരവായിരുന്നു. സിനിമയുടെ പേര് മുതൽ നായികയായ ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറം പോലും വിവാദമാക്കി പത്താനെ ബഹിഷ്കരിക്കാൻ ചിലർ ശ്രമിച്ചപ്പോൾ, അവരുടെ ശ്രമങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ഷാരൂഖിന്റെ കിടിലൻ വരവ്. ഗംഭീര ആക്ഷനും കിടിലൻ ഡാൻസ് നമ്പറുകളുമെല്ലാം നിറഞ്ഞു നിന്ന സിനിമ തിയേറ്ററുകളിൽ ഉത്സവം തീർത്തു. ഷാരൂഖിനൊപ്പം സൽമാനും കൂടി ചേർന്നപ്പോൾ അത് ആരാധകർക്ക് ഡബിൾ പഞ്ചായി. 1000 കോടി ക്ലബിൽ പത്താൻ ഇടം നേടിയപ്പോൾ അത് ഷാരൂഖിന്റെ മാത്രമല്ല ബോളിവുഡിന്റെ കൂടി തിരിച്ചുവരവായിരുന്നു.

പഠാൻ തുടക്കം മാത്രമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് സെപ്റ്റംബറിൽ ഷാരൂഖിന്റെ അടുത്ത സിനിമ വന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്ത ജവാൻ. തമിഴിലെ ഹിറ്റ് ഫോർമുലകൾക്ക് ഒരു ഷാരൂഖ് ടച്ച് ലഭിച്ചപ്പോൾ അത് ആരാധകർക്ക് ഒരു പുതുമയായിരുന്നു. ഒപ്പം കർഷക പ്രശ്നങ്ങളും ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തത് മൂലം കുട്ടികൾ മരിച്ചതും ഉൾപ്പടെ സമീപകാല ഇന്ത്യ നേരിട്ട പ്രതിസന്ധികൾ കൂടി സിനിമ സംസാരിച്ചത് നിരൂപക പ്രശംസയ്ക്കും കാരണമായി. ജവാനിലൂടെ തെന്നിന്ത്യൻ താരങ്ങൾ അടക്കി ഭരിച്ചിരുന്ന 1000 കോടി ക്ലബിനെ എസ്ആർകെ തന്റെ സാമ്രാജ്യമാക്കി. ഒരു വർഷം തന്നെ രണ്ട് 1000 കോടി ചിത്രങ്ങൾ... ഷാരൂഖ് ഖാന്റെ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്ക് തന്നെ എന്തുകൊണ്ട് കിംഗ് ഖാൻ എന്ന് വിളിക്കുന്നു എന്ന് എസ്ആർകെ ഓർമ്മിപ്പിച്ചു.

ഇതുവരെ കണ്ടതെല്ലാം ട്രെയ്ലർ എന്ന് ഉറപ്പ് നൽകുന്നതാണ് ഷാരൂഖിന്റെ അടുത്ത പ്രോജക്ടുകൾ. സൽമാൻ ഖാൻ ടൈഗറായി നടത്തുന്ന മൂന്നാം വരവിൽ ഒപ്പം ഷാരൂഖുമുണ്ട്, പഠാനായി. നോവമ്പറിൽ ടൈഗർ 3 വരുമ്പോൾ ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്നത് സൽമാന്റെ ആക്ഷന് മാത്രമല്ല ഷാരൂഖിന്റെ സ്റ്റൈലിഷ് കാമിയോയ്ക്ക് കൂടിയാണ്.

പിള്ളേര് കളിയല്ല ആനിമേഷൻ; ഇരുന്ന് പണിയെടുത്ത കുറച്ചു ചിത്രങ്ങളിതാ

ഈ വർഷം ഡിസംബറിലാണ് എസ്ആർകെയുടെ അടുത്ത ചിത്രം റിലീസ് ചെയ്യുന്നത്. മുന്നാഭായ് എംബിബിഎസ്, ത്രീ ഇഡിയറ്റ്സ്, പികെ, തുടങ്ങിയ സിനിമകളുടെ സംവിധായകൻ രാജ്കുമാർ ഹിറാനി ഒരുക്കുന്ന ഡങ്കി. എസ്ആർകെയും രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഡങ്കിയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഡങ്കി എന്ന ചിത്രത്തിന് പോസിറ്റീവ് റിപ്പോർട്ട് വന്നാൽ പിന്നെ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം പഴങ്കഥയാകുമെന്നുറപ്പ്.

പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഷാരൂഖിന് തോൽക്കാൻ പേടിയുണ്ടായിരുന്നില്ല. പരാജയങ്ങളുടെ കൈപ്പറിഞ്ഞ രണ്ടായിരത്തിന്റെ ആദ്യഭാഗങ്ങളിൽ നിന്നും അയാൾ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. അതുതന്നെയായിരിക്കും നാല് വർഷത്തെ ഇടവേള ഷാരൂഖിനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ ബാധിക്കാതിരുന്നതും. എത്രയൊക്കെ പരാജയപ്പെട്ടാലും തങ്ങളുടെ പ്രിയതാരം അതിലും ശക്തമായി ഉയർത്തെഴുന്നേൽക്കുമെന്നുള്ള ആരാധകരുടെ ഉറപ്പ് ഓരോ വർഷവും നവംബർ രണ്ടിന് മുംബൈ ബാന്ദ്രയിലെ മന്നത്ത് ഹൗസിന് മുന്നിൽ കാണാൻ കഴിയും.

തന്റെ വീടിന് മുന്നിൽ ഇരു കൈകളും വിരിച്ച് പുറകിലേക്ക് ചെരിഞ്ഞ് അയാൾ വന്ന് നിൽക്കും, കൈയുർത്തി ആളുകളെ അഭിവാദ്യം ചെയ്യും. ആ കാഴ്ചയ്ക്ക് വേണ്ടി മന്നത്തിന് മുന്നിൽ കാത്തുനിൽക്കുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസുകാർ തന്നെ വേണ്ടിവരും. ബോളിവുഡിന്റെ ബാദ്ഷയുടെ പിറന്നാൾ ദിനത്തിലെ ഈ കാഴ്ചയ്ക്കാണ് അയാളുടെ സിനിമയേക്കാൾ ആരാധകരെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല, കാരണം ഒരോ വർഷവും ഈ ദിവസം മന്നത്തിന് മുന്നിലെ റോഡ് ഹൗസ്ഫുളളാണ്.

dot image
To advertise here,contact us
dot image