
'നല്ല നടന് ഇപ്പഴും അപ്പന് തന്നെയാ...', വീണ്ടും ചില വീട്ടുകാര്യങ്ങള് എന്ന സത്യന് അന്തിക്കാട് ചിത്രത്തിനൊടുവില് ജയറാം തിലകനോട് പറയുന്ന ഈ ഡയലോഗ് യഥാര്ത്ഥത്തില് ഓരോ മലയാളി പ്രേക്ഷകനും ആ മഹാനടനെ കുറിച്ച് പറയാനാഗ്രഹിക്കുന്ന വാക്കുകളാണ്. നിരവധി സിനിമകളില് നായകനെക്കാള് തലപ്പൊക്കമുള്ള നടനായും വില്ലനായും തിലകനെന്ന അഭിനേതാവ് കാഴ്ചവെച്ച പ്രകടനങ്ങള് അനുഭവിച്ചറിഞ്ഞ പ്രേക്ഷകര്ക്ക് ഇതിനപ്പുറം മറ്റെന്താണ് പറയാനാവുക. വില്ലന്, അച്ഛന് കഥാപാത്രങ്ങളില് മാത്രം ഒതുക്കാനാവുന്നതല്ല മലയാള സിനിമയിലെ പെരുന്തച്ചന്റെ അഭിയനജീവിതം. തിലകഭാവങ്ങള്ക്ക് അതിലേറെ മാനങ്ങളുണ്ട്.
അറപ്പും വെറുപ്പും ഭയവും പ്രേക്ഷകരില് നിറയ്ക്കുന്ന വില്ലനിസത്തില് നിന്ന് പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും കണ്ണുനിറയ്ക്കുന്ന ഭാവപ്രകടനങ്ങളിലേക്കും ഞൊടിയിടയില് മാറാനാകുമെന്നതിന് എത്രയെത്ര ഉദാഹരണങ്ങള്. നാടകത്തിലൂടെ വാര്ത്തെടുത്ത ആഴത്തിലുള്ള അഭിനയശൈലി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുടനീളം കാണാം. അയത്നലളിതമായ ആ അഭിനയശൈലി അഭിനയക്കളരിയിലെ പാഠപുസ്തകമാണ്. ഒരുപിടി സമാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓരോ കഥാപാത്രങ്ങളും വ്യത്യസ്ത ഭാവങ്ങളോടെ വേറിട്ട് നിന്നു. ഒരേ വര്ഷം പുറത്തിറങ്ങിയ ഗോഡ്ഫാദര്, കിലുക്കം, മൂക്കില്ലാരാജ്യത്ത്, സന്ദേശം എന്നീ നാല് ചിത്രങ്ങള് മാത്രം പരിശോധിച്ചാല് മതിയാകും ഈ വൈവിധ്യം മനസ്സിലാക്കാന്. കിലുക്കത്തിലെ നന്ദിനിയുടെ അച്ഛനും സന്ദേശത്തിലെ അച്ഛനും കിരീടത്തിലെയും ചെങ്കോലിലെയും സേതുവിന്റെ അച്ഛനും തോമാച്ചന്റെ അച്ഛന് കടുവാ ചാക്കോയും ഒരേ നടനില് നിന്ന് പിറന്ന തീര്ത്തും വ്യത്യസ്തരായ കഥാപാത്രങ്ങളാണ്.
ക്രൂരതയും ശൃംഗാരവും, ഭാവപ്പകർച്ചകളുടെ നടേശന് മുതലാളി
മോഹിച്ച സ്ത്രീകളെയെല്ലാം കിടപ്പറയിലെത്തിക്കാന് ഏതറ്റം വരെയും പോകുന്ന ആരെയും കൊല്ലാന് മടിയില്ലാത്ത ഇതിനോടകം നിരവധി കൊലപാതകങ്ങള് ചെയ്തിട്ടുള്ള നടേശന് മൊതലാളി. തന്റെ പകുതി പ്രായം പോലുമില്ലാത്ത പെണ്കുട്ടിയില് അനുരക്തനാകുന്നു. വാര്ദ്ധക്യത്തിലെത്തിയ ക്രൂരനായ ഒരാളുടെ പ്രണയചേഷ്ടകള് എത്ര എളുപ്പമാണ് തിലകന് കണ്ണെഴുതിപ്പൊട്ടും തൊട്ടില് അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ ഭദ്രയും തിലകന്റെ നടേശന് മുതലാളിയും മത്സരിച്ചഭിയിച്ചിരിക്കുകയാണിവിടെ. നടേശന്റെ കാമുകഭാവം തിലകനില് കിറുകൃത്യമായിരുന്നു. ക്രൂരഭാവം മാത്രമല്ല, ശൃംഗാരവും തനിക്ക് അനായാസം വഴങ്ങുമെന്ന് കാണിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയായിരുന്നു അദ്ദേഹം. പകരം മറ്റൊരാളെ സങ്കല്പ്പിക്കാനാകാത്തവിധം നടേശന് മുതലാളി തിലകന്റെ മാത്രം സ്വന്തമാകുന്നതും ഇവിടെയാണ്.
വീരനായ ബലരാമന്
അച്ഛന്റെ മനസ്സറിയുന്ന, അച്ഛനോട് ഏറെ ബഹുമാനവും ഭയവുമുള്ള ബലരാമന്. ഗോഡ്ഫാദറിലെ ബലരാമന് അന്നുവരെ കണ്ടിട്ടില്ലാത്ത തിലകഭാവമാണ്. സ്നേഹനിധിയായ, ക്രൂരനായ അച്ഛന് കഥാപാത്രങ്ങളേറെ ചെയ്തിട്ടുണ്ടെങ്കിലും അഞ്ഞൂറാന്റെ അനുസരണാ ശീലമുള്ള മകനായെത്തിയ തിലകനെ പ്രേക്ഷകര് അതിന് മുമ്പോ ശേഷമോ കണ്ടുകാണില്ല. സഹോദരങ്ങളോട് വാത്സല്യവും കാര്ക്കശ്യവും ഒരേ സമയം പ്രകടിപ്പിക്കുന്ന ബലരാമന് എന്നാല് അച്ഛന് മുമ്പില് നിമിഷനേരംകൊണ്ട് ആജ്ഞാനുവര്ത്തിയാകുന്നു. 'അച്ഛന് പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേള്ക്കാം' എന്ന ഡയലോഗില് ഈ ഭാവങ്ങളെല്ലാം ഒരേ സമയം മിന്നി മറയുന്നതും നമ്മള് കണ്ടു.
മൂക്കില്ലാരാജ്യത്തെ കേശവന്
ഹാസ്യവും വഴങ്ങുമെന്ന് ചക്കിക്കൊത്ത ചങ്കരന്, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെല്ലാം തിലകന് തെളിയിച്ചിട്ടുള്ളതാണ്. എന്നാല് മൂക്കില്ലാരാജ്യത്ത് സിനിമയില് ജഗതിയും മുകേഷുമടക്കമുള്ള താരങ്ങള്ക്കൊപ്പം അതിലൊരുപടി ചിരിപ്പിച്ചത് തിലകന്റെ എക്സ് മിലിറ്ററിക്കാരന് കേശവനാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായെത്തുന്ന ആദ്യ സീന് മുതല് വിദേശവസ്ത്രങ്ങള് ബഹിഷ്കരിച്ച പ്രസംഗം, ഒടുവിലത്തെ സ്റ്റണ്ട് വരെ ആദ്യാന്തം കേശവന് സ്കോര് ചെയ്യുന്നു. മറ്റുള്ളവരെല്ലാം മണ്ടത്തരങ്ങള് കാണിച്ച് ചിരിപ്പിക്കുമ്പോഴും തന്റെ സീരിയസ് മാനറിസങ്ങള്കൊണ്ടുതന്നെ പ്രേഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് തിലകന്.
ശാന്തനായ കരീം ഇക്ക
ഭൂമിയോളം ക്ഷമയുള്ള കരീം ഇക്ക തിലകന്റെ ഏറ്റവും സുന്ദരമായ കഥാപാത്രങ്ങളിലൊന്നാണ്. 'ആ ഹൂറി ആരാന്ന് അറിയോ, അന്റെ ഉമ്മൂമ്മ!'
എന്ന് പറഞ്ഞ് നിര്ത്തിയ ശേഷം തിലകന്റെ ഒരു ചിരിയുണ്ട്, ഉസ്താദ് ഹോട്ടലില് തുടക്കം മുതല് ഒടുക്കം വരെ കരീം ഇക്ക അങ്ങനെയാണ്. ഹോട്ടല് നഷ്ടപ്പെടുമെന്ന് അറിയുമ്പോള് മാത്രമാണ് ആ മുഖത്തെ ചിരി മായുകയും നിസ്സഹായത സ്ഥാനം പിടിക്കുകയും ചെയ്യുന്നത്. തിലകന് അതുവരെ ചെയ്ത കഥാപാത്രങ്ങളില്നിന്ന് വ്യത്യസ്തമാണ് കരീം ഇക്കയുടെ സംഭാഷണങ്ങളും അത് പറയുന്നതിന്റെ താളവും. വളരെ പതിഞ്ഞ് വാത്സല്യത്തോടെ മാത്രമാണ് അയാള് സംസാരിക്കുന്നത്, തീര്ത്തും ശാന്തനായി. ഇന്ത്യന് റുപ്പിയിലെ അച്യുതമേനോനും തിലകന്റെ ഡീറ്റേല്ഡ് ആക്ടിങ്ങിന് ഉദാഹരണമാണ്.
നിസ്സഹായതയില് വീണുപോയ അച്യുതന് നായര്
കിരീടത്തിലെയും ചെങ്കോലിലെയും അച്യുതന് നായരെ പറയാതെയെങ്ങനെ തിലകനെന്ന പ്രതിഭയെ അടയാളപ്പെടുത്താനാകും?. മകനോട് ഏറെ സ്നേഹമെങ്കിലും കാര്ക്കശ്യത്തോടെ പെരുമാറുന്ന അച്ഛന്, അതായിരുന്നു അച്യുതന് നായര്. സേതുവിനെ കുറിച്ച് കണ്ട സ്വപ്നങ്ങളെല്ലാം പാഴായതില് നിസ്സാഹായതയോടെ നില്ക്കുന്ന, മകന് ക്രിമിനലാകുന്നത് കണ്ട് നെഞ്ചുപൊട്ടുന്ന അച്ഛന്. 'അച്ഛനാടാ പറയുന്നെ കത്തി താഴയിട്' എന്ന ആ ഒറ്റ ഡയലോഗിന്റെ മോഡുലേഷനും മുഖത്ത് പ്രത്യക്ഷപ്പെടുന്ന നിസ്സഹായതയും പ്രേഷകരിലേക്ക് ആഴത്തിലിറങ്ങി. ചെങ്കോലില് ഇതേ അച്യുതന് നായരെ പ്രേഷകര് വെറുക്കുമ്പോള് തിലകനിലെ നടന് അവിടെയും വിജയിക്കുന്നു.
പോള് പൈലോക്കാരന്
ഇത്രയും വെറുപ്പ് തോന്നുന്ന മറ്റൊരു തിലകന് കഥാപാത്രമുണ്ടാകുമോ? മകളെ പോലെ നോക്കേണ്ടവളെ അതിക്രൂരമായി ബലാത്സംഗം ചെയ്യാന് മടിയില്ലാത്ത, ഭാര്യയെ ആക്രമിക്കുന്നതില് ലഹരി കണ്ടെത്തുന്ന വൃത്തികെട്ടവനായ പോള് പൈലോക്കാരന്, പത്മരാജന് തിലകന് നല്കിയ കഥാപാത്രങ്ങളിലൊന്നാണ്. നമുക്ക് പാര്ക്കാന് മുന്തിരിത്തോപ്പുകളിലെ ക്രൂരനായ പൈലോക്കാരനെ തിലകന് ഗംഭീരമാക്കി. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില് അത് പോള് പൈലോക്കാരന്റെയോ കാട്ടുകുതിരയിലെ കൊച്ചുബാവയുടെയോ ആയിരിക്കുമെന്നതില് സംശയമില്ല.
അലിയാര്
ഒരു സാമ്രാജ്യത്തിന്റെ മുഴുവന് അധിപനായി അടക്കിവാണ അലിയാര്. ഞൊടിയിടയില് എല്ലാം നഷ്ടമായി ജയിലിലടയ്ക്കപ്പെടുമ്പോഴും തളരുന്നില്ല. പ്രതികാരത്തിന്റെ കനലൂതികത്തിച്ച് പാതി തളര്ന്ന ശരീരവുമായി അയാള് പുറത്തിറങ്ങുന്നു. കൗരവരിലെ അലിയാരെ പ്രതികാരത്തിന്റെ മൂര്ത്തീഭാവമായല്ലാതെ മറ്റെങ്ങനെ പറയും. തന്റെ സാമ്രാജ്യവും കുടുംബവും ഇല്ലാതാക്കിയവരെ തകര്ത്തെറിയാനുള്ള ദൃഢനിശ്ചയവും എന്നാല് പരിമിതികളിലെ നിരാശയുമാണ് ആ അഭിനയപ്രതിഭയില്നിന്ന് അലിയാരിലൂടെ പുറത്തുവരുന്നത്. ഒരാളോടുതന്നെ ഭയവും സഹാനുഭൂതിയും തോന്നിപ്പിക്കുന്നു തിലകന്റെ അലിയാര്. ഒടുവില് അയാള് തോറ്റുപോകുമ്പോള് എവിടെയോ ഒരു നൊമ്പരം ബാക്കിയാവുന്നു. തന്റെ കഥാപാത്രത്തിന്റെ ആഴം പ്രേക്ഷകരിലെത്തിക്കാന് തിലകന് ചില നോട്ടങ്ങള് മാത്രം മതി. അലിയാരുടെ തളര്ന്ന ശരീരത്തില് അഭിനയിക്കുമ്പോഴും കഥാപാത്രത്തിന്റെ ആഴം തിലകന്റെ കണ്ണുകളിലൂടെ പ്രേഷകരിലെത്തുന്നു.
അനന്തന് നമ്പ്യാര്
സിഐഡി എസ്കേപ്പ്.... അനന്തന് നമ്പ്യാര് യഥാര്ത്ഥത്തില് വില്ലന്മാര്ക്ക് മികച്ചൊരു സ്പൂഫാണ്. പ്രഭാകരാ എന്ന ആ വിളിയും അതിലെ നര്മ്മവും ഇന്നും മലയാളി ഏറ്റുപറയുന്നു. തൊടുക്കം മുതല് ഒടുക്കം വരെ തോറ്റോടുന്ന പേടിത്തൊണ്ടനായ വില്ലനായി ശരിക്കും ജീവിക്കുകയാണ് അനന്തന് നമ്പ്യാരിലൂടെ തിലകന്. പരുക്കന് ശബ്ദത്തില് നിന്ന് വരുന്ന നര്മ്മം പ്രേഷകര് ഇരു കൈയ്യും നീട്ടി ഏറ്റെടുത്തു. തിലകന്റെ സ്ഥിരം വേഷങ്ങളില് നിന്ന് വ്യത്യസ്തമായ വില്ലന് കഥാപാത്രമാകുന്നു അനന്തന് നമ്പ്യാര്
കടുവാ ചാക്കോ
ഒരച്ഛന് എങ്ങനെയാവരുതെന്ന് തിലകന്റെ കടുവാ ചാക്കോ കാണിച്ചു തരുന്നു. സ്ഫടികത്തിലെ തോമാച്ചന് ഹീറോയാകുന്നത് അപ്പുറത്ത് അപ്പന് കടുവാ ചാക്കോ ചൂരലുമായി നില്ക്കുന്നതുകൊണ്ടാണ്. ക്ലൈമാക്സില് ചൂരലൊടിച്ചുകളഞ്ഞ് മകനോടുള്ള സ്നേഹം പുറത്തുവരുന്നതോടെ തോമയ്ക്ക് ഒരു പടി മുകളിലാകുന്നുണ്ട് ചാക്കോ. മകനെ കാണാന് ഒളിച്ചു വരുന്ന ചാക്കോ, മകന് മരിച്ചെന്ന് കരുതി കോറിയിലിരുന്ന് കരയുന്ന ചാക്കോ, ആ കഥാപാത്രത്തിന്റെ ആഴം കാണിച്ച് തരുന്നു. ചിത്രത്തില് മറ്റെല്ലാവരെയും നിഷ്ഫലമാക്കുന്നു തിലകന്.
പെരുന്തച്ചന്
എംടി തന്റെ പെരുന്തച്ഛനെന്ന കഥാപാത്രത്തെ നല്കിയത് തിലകനാണ്. മലയാള സിനിമയുടെ പെരുന്തച്ചനാണെന്ന് തെളിയിക്കുന്നതായിരുന്നു ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം. സൂക്ഷ്മാഭിനയത്തിന്റെ ടെക്സ്റ്റ് ബുക്കെന്ന് വിശേഷിപ്പിക്കാവുന്ന അഭിനയ ചാതുരിയാണ് തിലകന് പെരുന്തച്ചന് വേണ്ടി രാഗിമിനുക്കിയെടുത്ത് എംടിക്ക് തിരിച്ച് നല്കിയത്. രണ്ട് അതുല്യ പ്രതിഭകളുടെ സമാഗമമായതുകൊണ്ടുതന്നെ ക്ലാസിക് ചിത്രമെന്ന വിശേഷണം പെരുന്തച്ചനെ തേടിയെത്തി. ഗോപുരത്തിലിരുന്ന് ഉളി താഴേക്കിടുന്ന ഒറ്റ സീനില് തിലകന് താന് പകരക്കാരനില്ലാത്ത അതുല്യപ്രതിഭയെന്ന് വരച്ചുവെക്കുന്നു.
ഒപ്പം നില്ക്കുന്ന താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കാന് പോന്ന പ്രതിഭ. ഒരു ചിരി, ഒരു നോട്ടം, പുറത്തുവരുന്ന ഒന്നോ രണ്ടോ വാക്കുകള് ഇത്രയും മതി തിലകന് ഏത് കഥാപാത്രത്തിന്റെയും വികാരവിക്ഷോഭങ്ങളെ പ്രേക്ഷകരില് കോറിയിടാന്. നടനവൈഭവങ്ങളുടെ തിലകഭാവങ്ങള്ക്ക് പത്തല്ല, അതിലേറെ മുഖങ്ങളുണ്ട്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക