Top

'ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്‌നനാണെന്ന് തുറന്നടിച്ചത്'; ചെറിയാന്‍ ഫിലിപ്പ് സര്‍ക്കാറിന്റെ പരാജയം തുറന്ന് പറഞ്ഞെന്ന് വി മുരളീധരന്‍

20 Oct 2021 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്‌നനാണെന്ന് തുറന്നടിച്ചത്; ചെറിയാന്‍ ഫിലിപ്പ് സര്‍ക്കാറിന്റെ പരാജയം തുറന്ന് പറഞ്ഞെന്ന് വി മുരളീധരന്‍
X

പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം ഏറ്റുപിടിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. നെതര്‍ലന്‍ഡ്‌സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ടെന്നും വി മുരളീധരന്‍ പരിഹസിച്ചു. പാര്‍ട്ടിക്കൂറും വ്യക്തിപൂജയും മൂലം സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ ഇടതുമുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് 'രാജാവ് നഗ്‌നനാണെന്ന്' ചെറിയാന്‍ തുറന്നടിച്ചത് എന്നും ചൂണ്ടിക്കാട്ടു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍…

'പരിസ്ഥിതികര്‍ഷക സ്‌നേഹത്തിന്റെ 'കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്…

പാര്‍ട്ടിക്കൂറും വ്യക്തിപൂജയും മൂലം സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ ഇടതുമുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് 'രാജാവ് നഗ്‌നനാണെന്ന്' ചെറിയാന്‍ തുറന്നടിച്ചത്...

ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്...

നെതര്‍ലന്‍ഡ്‌സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്….

അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു…

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ല..

അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം….

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദി....


ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കേരള സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആക്ഷേപം. നെതര്‍ലന്‍ഡ്‌സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story