
ബെംഗളൂരു : കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ഫിസിക്‌സ് അധ്യാപകന്‍ നരേന്ദ്ര, ബയോളജി അധ്യാപകന്‍ സന്ദീപ്, ഇവരുടെ പൊതുസുഹൃത്ത് അനൂപ് എന്നിവരാണ് പിടിയിലായത്. പഠനസംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുമായി അധ്യാപകനായ നരേന്ദ്ര സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇരുവരും ഫോണില്‍ സന്ദേശങ്ങളുമയച്ചിരുന്നു. എന്നാല്‍ പിന്നീട് സുഹൃത്തായ അനൂപിന്‌റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി നരേന്ദ്ര പീഡിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബയോളജി അധ്യാപകനായ സന്ദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നരേന്ദ്രയ്‌ക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ തന്‌റെ പക്കലുണ്ടെന്നും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തിറക്കുമെന്നും പറഞ്ഞാണ് സന്ദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
തന്‌റെ മുറിയിലേക്ക് പെണ്‍കുട്ടി വരുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി അനൂപും പീഡിപ്പിച്ചു. ശാരീരികമായും മാനസികമായും തകര്‍ന്ന പെണ്‍കുട്ടി വിവരങ്ങള്‍ നാട്ടില്‍ നിന്ന് തന്നെ കാണാനെത്തിയ മാതാപിതാക്കളോട് തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലും കര്‍ണാടക വനിതാ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
content highlights: Teachers arrested for harassing student, threatening her with video