സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്

dot image

ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ലക്‌നൗവിലെ എംപി-എംഎല്‍എ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഡയറക്ടറായിരുന്ന ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നും ഇതിനെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചോദ്യംചെയ്തില്ലെന്നും ഉദയ് ശങ്കര്‍ പരാതിയില്‍ പറയുന്നു.

ഇരുപതിനായിരം രൂപയുടെ സ്വന്തം ജാമ്യവും അതേ തുകയ്ക്കുളള രണ്ട് ആള്‍ജാമ്യവും നില്‍ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അടുത്ത വാദം ഓഗസ്റ്റ് 13-ന് നടക്കും. ഇന്ന് ലക്‌നൗവിലെ എംപി-എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അലോക് വര്‍മയുടെ മുന്‍പാകെ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. നേരത്തെ നടന്ന അഞ്ച് ഹിയറിങ്ങുകളില്‍ അദ്ദേഹം ഹാജരായിരുന്നില്ല.

Also Read:

2025 ഫെബ്രുവരിയില്‍ മാനനഷ്ടക്കേസിനെയും എംപി- എംഎല്‍എ കോടതി പുറപ്പെടുവിച്ച സമന്‍സിനെയും ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് തളളിയ ഹൈക്കോടതി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് ആവിഷ്‌കാര സ്വാതന്ത്രത്തിനുളള അവകാശമല്ലെന്ന് നിരീക്ഷിച്ചിരുന്നു. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്.

Content Highlights: Rahul Gandhi gets bail in 2022 defamation case over remarks against indian army

dot image
To advertise here,contact us
dot image