'തുള്ളല്ലേ ഏമാന്മാരെ'യെന്ന് യുവമോര്‍ച്ച; 'ബഹളം വച്ചാല്‍ ബാക്കിയുള്ളവരും മേടിക്കു'മെന്ന് ഡിവൈഎസ്പി; 'കൊട്ടാരക്കര ഓട്ടം' ഭാഗം രണ്ട്
'മുന്‍പ് കിട്ടിയ അടിയുടെ ഓര്മ കൊണ്ടാണെന്ന് തോന്നുന്നു. മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.'
10 Nov 2021 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കരയിലെ മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പരിഹാസവുമായി സൈബര്‍ സിപിഐഎം. കൊട്ടാരക്കര ഓട്ടത്തിന്റെ രണ്ടാം ഭാഗമെന്ന വിശേഷിപ്പിച്ച് കൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പരിഹസിച്ച് വീണ്ടും സോഷ്യല്‍മീഡിയയിലെ സിപിഐഎം ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന് നേരെ ഭീഷണിയും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന യുവമോര്ച്ചക്കാരെയാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ സാധിക്കുന്നത്.
''തുള്ളല്ലങ്ങനെ തുള്ളല്ലേ... ഏമാന്മാരേ തുള്ളല്ലേ.....വല്ലാതെ അങ്ങനെ തുള്ളിയാല്‍..'' ഇങ്ങനെ മുദ്രാവാക്യങ്ങള്‍ തുടരുമ്പോള്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന് ലാത്തിയും ചൂണ്ടി, ''ഇവിടെ കിടന്ന് ബഹളമുണ്ടാക്കിയാല്‍ ബാക്കിയുള്ളവനും മേടിക്കും. ഉള്ള കാര്യം പറഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയാണ് പറയുന്നത്.'' എന്ന് പറഞ്ഞതോടെ പ്രവര്‍ത്തകര്‍ ഒന്ന് അടങ്ങി. ഒരു 'മുതിര്‍ന്ന നേതാവും' പ്രവര്‍ത്തകരോട് ശാന്തരാകാന്‍ പറഞ്ഞു. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും മുദ്രാവാക്യം ഉയര്‍ന്നു. ''കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍..'' പക്ഷെ ഇത് മറ്റു പ്രവര്‍ത്തകര്‍ ഏറ്റ് പിടിക്കും മുന്‍പ്, 'മുതിര്‍ന്ന' ആ നേതാവ് വീണ്ടും, ''ഡേയ്. ഡേയ് നിര്‍ത്ത്, നിര്‍ത്ത് പൊലീസിനെതിരെ വേണ്ട, സര്‍ക്കാരിനെതിരെ വിളിച്ചാല്‍ മതി.'' മുന്‍പ് കിട്ടിയ അടിയുടെ ഓര്മ കൊണ്ടാണെന്ന് തോന്നുന്നു. മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.
ഈ രംഗമാണ് കൊട്ടാരക്കര ഓട്ടത്തിന്റെ രണ്ടാംഭാഗമെന്ന ഗംഭീരപേരോടെ സൈബര്‍ ലോകം ആഘോഷമാക്കുന്നത്.
എക്കാലത്തും പരിഹാസ്യത്തോടെ പറയുന്ന എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ചായിരുന്നു കൊട്ടാരക്കര ഓട്ടത്തെ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ വൈറലാക്കിയത്. പൊലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും വൈറലായിരുന്നു. 'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.' എന്നും ചില പ്രവര്‍ത്തകര്‍ ദയനീയമായി പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞദിവസത്തെ യുവമോര്‍ച്ചയുടെ പ്രകടനം. മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പൊലീസിന് നേരെ തുടര്‍ച്ചയായി കല്ലേറ് നടന്നു. ഇതോടെയാണ് ബാരിക്കേഡ് മാറ്റി, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത്. പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു.