നാടുകടത്തപ്പെട്ട യമൻ പ്രസിഡന്റ് അധികാരം കൈമാറി; 300 കോടി ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് സൗദി
എട്ടംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലായിരിക്കും ഇനി ഭരണം നടത്തുക.
8 April 2022 12:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: നാടുകടത്തപ്പെട്ട യമൻ പ്രസിഡന്റ് അബ്ദുറബ്ബു മൻസൂർ ഹാദി അധികാരം പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന് കൈമാറി. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് ഭരണകൈമാറ്റം നടന്നത്. എട്ടംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലായിരിക്കും ഇനി ഭരണം നടത്തുക. പുതിയ യമൻ ഭരണ സംവിധാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി 300 കോടി ഡോളറിന്റെ അടിയന്തര സഹായവും പ്രഖ്യാപിച്ചു.
'ഞാൻ ഈ പ്രസിഡൻഷ്യൽ നേതൃത്വ സമിതിയിലേക്ക് എന്റെ മുഴുവൻ അധികാരങ്ങളും കൈമാറുന്നു,' സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന സമാധാന ചർച്ചകളുടെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ടെലിവിഷൻ പ്രസ്താവനയിലൂടെ അധികാരം കൈമാറുന്നതായി ഹാദി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ യമനെ പിന്തുണക്കുന്ന സൈനിക സഖ്യത്തിന് നേതൃത്വം നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സ്ഥിരമായ വെടിനിർത്തലിനായി ഹൂതി വിമതരുമായി ചർച്ച നടത്താൻ കൗൺസിലിനെ ചുമതലപ്പെടുത്തുമെന്നും ഹാദി കൂട്ടിച്ചേർത്തു. അബ്ദുറബ്ബു മൻസൂർ ഹാദി വൈസ് പ്രസിഡന്റ് അലി മൊഹ്സെൻ അൽ-അഹ്മറിനെ പുറത്താക്കുകയും അദ്ദേഹത്തിന്റെ അധികാരവും പ്രസിഡൻഷ്യൽ കൗൺസിലിന് കൈമാറുകയും ചെയ്തു.
യുദ്ധത്തെ തുടർന്ന് തകർന്ന യമന്റെ സമ്പദ്വ്യവസ്ഥയെ പിടിച്ചുയർത്താൻ 3 ബില്യൺ ഡോളർ സ്വരൂപിക്കുമെന്ന് സൗദി അറിയിച്ചു. റിയാദിൽ നിന്ന് 2 ബില്യൺ ഡോളറും അബുദാബിയിൽ നിന്ന് 1 ബില്യൺ ഡോളറും നൽകുമെന്നും സൗദി അറിയിച്ചു. യമനിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസിന് രാജ്യം ആഹ്വാനം ചെയ്തതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
STORY HIGHLIGHTS: Yemen president transferred his power to new presidential council